ഏഷ്യാ കപ്പിലെ ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം; പരസ്യ വിപണിയിലും വൻ ആവേശം
ഏഷ്യാ കപ്പിലെ ഇന്ത്യ– പാകിസ്ഥാൻ പോരാട്ടം പരസ്യ വിപണിയിൽ വൻ ആവേശം സൃഷ്ടിച്ചു. പരസ്യ സ്ലോട്ടുകൾക്ക് കമ്പനികൾ കോടികളാണ് മുടക്കിയിരിക്കുന്നത്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നതോടെ ക്രിക്കറ്റ് പരസ്യവിപണിയെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിരുന്നുവെങ്കിലും, ഇന്ത്യ–പാക് മത്സരത്തിലെ പരസ്യ വിൽപ്പന അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ്.
വർഷങ്ങളായി ക്രിക്കറ്റ് സംപ്രേഷണത്തിലെ പരസ്യ വരുമാനത്തിന്റെ വലിയൊരു പങ്ക് ഓൺലൈൻ ഗെയിമിങ് മേഖലയായിരുന്നു. എന്നാൽ, സർക്കാർ നിയന്ത്രണങ്ങൾക്കു പിന്നാലും വിപണി ഇടിയാതെ മുന്നേറുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ബ്രോഡ്കാസ്റ്റർ സോണി പിക്ചേഴ്സ് നെറ്റ് വർക്ക് ഇന്ത്യ, ഇന്ത്യ– പാക് മത്സരത്തിനുള്ള എല്ലാ പരസ്യ ഇൻവെന്ററിയും വിറ്റഴിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച നടന്ന ഇന്ത്യ– പാക് മത്സരത്തിലെ 10 സെക്കന്റ് ദൈർഘ്യമുള്ള പരസ്യ സ്ലോട്ട് 12 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. മത്സരം ബഹിഷ്കരിക്കണമെന്ന ചില വിഭാഗങ്ങളുടെ ആഹ്വാനം ഉണ്ടായിട്ടും, പ്രമുഖ ബ്രാൻഡുകൾ പരസ്യത്തിനായി മത്സരിച്ചു.
“ഇന്ത്യ– പാകിസ്ഥാൻ മത്സരം പരസ്യത്തിന് നൽകുന്ന മൂല്യം അമിതമാണ്. 10 സെക്കൻഡിന് 20 ലക്ഷം രൂപ ചെലവിടുന്നത് പോലും ബ്രാൻഡുകൾക്ക് ഗുണകരമാകും. കാരണം, ഇത് വെറും മത്സരം അല്ല, ജനങ്ങളുടെ വികാരമാണ്,” എന്ന് പ്രശസ്ത പരസ്യ സംവിധായകൻ പ്രഹ്ലാദ് കക്കർ അഭിപ്രായപ്പെട്ടു. “ടാക്സി ഡ്രൈവർ പോലും സമയം കണ്ടെത്തി കാണുന്ന മത്സരമാണിത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: India- Pakistan clash in Asia Cup; huge excitement in advertising market too