ഇന്ത്യ-യുകെ വ്യാപാര കരാർ; സ്കോച്ച് വിസ്കിയുടെ വില ഇങ്ങനെ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നതോടെ ബ്രിട്ടീഷ് സ്കോച്ച് വിസ്കിയുടെ വില ഇന്ത്യയിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് മദ്യത്തിന്റെ ഇറക്കുമതി തീരുവയിൽ വൻ ഇളവാണ് ഇതിന് കാരണം. പുതിയ കരാർ പ്രകാരം സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും. കരാർ പ്രാബല്യത്തിൽ വന്ന ശേഷം പത്ത് വർഷത്തിനുള്ളിൽ തീരുവ 40 ശതമാനമായും കുറയ്ക്കാനാണ് പദ്ധതി.
ഇറക്കുമതി തീരുവ കുറയുന്നതോടെ വിപണിയിലേക്ക് കൂടുതൽ സ്കോച്ച് ബ്രാൻഡുകൾ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായേക്കാമെന്ന ആശങ്കയും ഉയരുന്നു. ജോണി വാക്കർ ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ പോലുള്ള പ്രീമിയം വിഭാഗത്തിലുള്ള മദ്യത്തിന്റെ വില കുപ്പിക്ക് 200 മുതൽ 300 രൂപ വരെ കുറയാനാണ് സാധ്യത. റെഡ് ലേബൽ, ബാലന്റൈൻസ് പോലുള്ള സ്റ്റാൻഡേർഡ് വിഭാഗങ്ങളിൽ 100 മുതൽ 150 രൂപ വരെയും വില കുറയാം.
ഇന്ത്യൻ വിസ്കി നിർമ്മാതാക്കൾ സ്കോച്ച് വിസ്കി ഇറക്കുമതി ചെയ്ത് ആഭ്യന്തര വിസ്കികളുമായി കലർത്താറുണ്ട്. തീരുവ കുറയുന്നത് ഇവർക്ക് സാമ്പത്തികമായി സഹായകരമാകും എന്നും ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ വിനോദ് ഗിരി അഭിപ്രായപ്പെട്ടു.
2024-25 സാമ്പത്തിക വർഷത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഉൽപ്പന്നങ്ങളിൽ വിസ്കി അഞ്ചാം സ്ഥാനത്താണ്. ഏകദേശം 260 കോടി രൂപയുടെ വിസ്കിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്തത്, മുൻവർഷത്തേക്കാൾ 16 ശതമാനം വർധനയോടെ.
അതേസമയം, ഉപഭോക്താക്കൾക്ക് വില കുറവ് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ഉദാഹരണത്തിന്, ഡൽഹിയിൽ 3500 രൂപ വിലയുള്ള ബ്ലാക്ക് ലേബൽ ബ്രാൻഡിന് മുഴുവൻ തീരുവ ഇളവ് ലഭിച്ചാലും 200–300 രൂപ മാത്രമേ കുറയൂ. അതിനാൽ പുതിയ കരാർ ബ്രിട്ടീഷ് ഉത്പാദകരെയും വിതരണക്കാരെയും കൂടുതലായി സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സ്കോച്ച് വിസ്കി സാധാരണയായി ഇന്ത്യൻ നിർമ്മിത വിസ്കിയുമായി രണ്ട് മുതൽ മുപ്പത് ശതമാനം വരെ അനുപാതത്തിൽ കലർത്തിയാണ് വിപണനം നടക്കുന്നത്. ബ്ലെൻഡേഴ്‌സ് പ്രൈഡ്, മക്‌ഡൊവൽസ് നമ്പർ 1 തുടങ്ങിയ ബ്രാൻഡുകൾ ഇതിനുദാഹരണമാണ്.
താരിഫ് കുറച്ചത് സ്കോച്ച് വിസ്കിയുടെ വില കുറയ്ക്കാനിടയാക്കുമെങ്കിലും, ഇന്ത്യൻ വിപണിയുടെ ഘടനയിൽ വലിയ മാറ്റം ഉണ്ടാക്കില്ല. എന്നാൽ യുകെ കമ്പനികൾക്ക് ഇന്ത്യയിലേക്ക് വിസ്കി വൻതോതിൽ കയറ്റുമതി ചെയ്യുന്നത് ഇനി കൂടുതൽ എളുപ്പമാകും.
Tag: India-UK trade deal; Scotch whisky prices as follows