ഓവൽ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ വെറും 6 റൺസിനാണ് ടീം ഇന്ത്യ തോൽപ്പിച്ചത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 367 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ പരമ്പര 2-2 എന്ന നിലയിൽ ഇന്ത്യ സമനിലയിലെത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയുടെയും പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. തോൽവി ഉറപ്പിച്ച മത്സരത്തിൽ നിന്നും ഇന്ത്യ നേടിയ തിരിച്ചുവരവായിരുന്നു ഈ മത്സരം.
ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 35 റൺസ് മാത്രമായിരുന്നു. ആറിന് 339 റൺസെന്ന നിലയിൽ അവർ ബാറ്റിംഗ് പുനരാരംഭിച്ചു. എന്നാൽ ജെയ്മി സ്മിത്ത് (2), ജെയ്മി ഓവർടൻ (9) എന്നിവരെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് വിജയം കൈവരിക്കാൻ വഴിതെളിച്ചു. തുടർന്ന് ജോഷ് ടോങ്ങിനെ പ്രസിദ്ധ് കൃഷ്ണ ബൗൾഡ് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഒൻപതാം വിക്കറ്റും നഷ്ടമായി. പരുക്കേറ്റ് പുറത്തിരുന്ന ക്രിസ് വോക്സ് അവസാനമായി ബാറ്റ് ചെയ്തെങ്കിലും വിജയം ഇന്ത്യക്കായിരുന്നു.
വോക്‌സിനൊപ്പമുണ്ടായിരുന്ന ഗസ് ആറ്റ്കിൻസൺ പ്രതിരോധിച്ചുവെങ്കിലും 86-ാം ഓവറിൽ സിറാജ് ആറ്റ്കിൻസണിനെ പുറത്താക്കി ഇന്ത്യയ്ക്ക് ചരിത്രജയം സമ്മാനിച്ചു.
മുൻ ദിവസം ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികൾ ഇംഗ്ലണ്ടിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. 91 പന്തിൽ രണ്ട് സിക്സും 14 ഫോറുമടക്കം 111 റൺസ് നേടിയായിരുന്നു ബ്രൂക്കിന്റെ സെഞ്ചുറി. 152 പന്തിൽ 12 ബൗണ്ടറിയടക്കം 105 റൺസ് നേടിയ ജോ റൂട്ടും നിർണായകമായി. എങ്കിലും അവസാന ദിവസം ഇന്ത്യൻ പേസർമാർ നടത്തിയ ആക്രമണത്തിന് മുന്നിൽ ഇംഗ്ലണ്ട് തകർന്നു.
Tag: India wins Oval Test match; Team India beats England by just 6 runs