ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം
ഓവല്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വിജയഗാഥ. ഇന്ത്യന്‍ ടീമിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനു മുന്നില്‍ ഇംഗ്ലീഷ് ടീം നിഷ്പ്രഭമാവുകയാണുണ്ടായത്. ലോര്‍ഡ്സില്‍ വമ്പന്‍ വിജയം കൈവരിച്ച ഇന്ത്യ ലീഡ്സില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇന്ത്യന്‍ ടീം വിജയം കൈവരിക്കുകയാണുണ്ടായത്.
ഓവലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോറൂട്ട് ഇന്ത്യന്‍ ടീമിനെ ബാറ്റിംഗിനയച്ചു. ഒന്നാം ഇന്നിംഗ്സില്‍ വെറും 191 റണ്‍സിന് ഇന്ത്യക്കാര്‍ പവലിയനില്‍ എത്തിയപ്പോള്‍ ലീഡ്സിലെ തോല്‍വിയുടെ തനിയാവര്‍ത്തനമാകുമോ എന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാനനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി. എന്നാല്‍ മധ്യനിര ബാറ്റ്സ്മാന് ഓലി പോപ്പ് നടത്തിയ ചെറുത്തുനില്‍പ്പും ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി, ക്രിസ് വോക്സ് എന്നിവര്‍ നല്കിയ പിന്തുണയും 99 റണ്സിന്റ് ലീഡ് നേടാന്‍ ഇംഗ്ലണ്ടിന് സഹായകമായി.
എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്നു. സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ, അര്‍ധ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യയ്ക്ക് 368 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാനായി. ഇന്ന് ഭേദപ്പെട്ട രീതിയില്‍ ബാറ്റു ചെയ്ത് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം സെഷനില്‍ ആണ് തകര്‍ന്നത്. 2 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയില്‍ രണ്ടാം സെഷന് ആരംഭിച്ച ഇംഗ്ലണ്ട് 193-8 എന്ന നിലയിലാണ് സെഷന് അവസാനിപ്പിച്ചത്.
63 റണ്‍സ് എടുത്ത ഹസീബ് ഹമീദിനെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരിക്കിയതോടെ ആണ് കളി മാറിയത്. പിന്നാലെ രണ്ട് റണ്‍സ് എടുത്ത ഒലിപോപനെയും റണ്‍സ് ഒന്നും എടുക്കാത്ത ബെയര്‍സ്റ്റോയെയും ബുമ്രയുടെ യോര്‍ക്കറുകള്‍ പവലിയനില്‍ എത്തിച്ചു. പെട്ടെന്നുതന്നെ ജഡേജ മൊയീന്‍ അലിയെ സ്കോര്‍ തുറക്കാനനുവദിക്കാതെ പുറത്താക്കി. എന്നാല്‍ ഇംഗ്ലണ്ടിന് പ്രതീക്ഷയായി ക്യാപ്റ്റന്‍ ജോ റൂട്ട് ക്രീസിലുണ്ടായിരുന്നു. പക്ഷേ സ്കോര്‍ 182ല്‍ നില്‍ക്കെ ശാര്‍ദുല്‍ താക്കൂര്‍ 38 റണ്‍സെടുത്ത റൂട്ടിനെ പുറത്താക്കി.
റൂട്ട് വീണതോടെ ഇന്ത്യ വിജയമുറപ്പിച്ചു. രണ്ടാം സെഷന്റെ അവസാന പന്തില്‍ ഉമേഷ് യാദവ് 18 റണ്‍സ് എടുത്ത വോക്സിനെ പുറത്താക്കി. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുത്തതിന് പിന്നാലെ ഉമേഷ് ഒവേര്‍ടണെ ബൗള്‍ഡ് ആക്കി. പിന്നാലെ ആന്‍ഡേഴ്സണെയും വീഴ്ത്തി ഉമേഷ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ജഡേജ, ബുമ്ര, താക്കൂര്‍, എന്നിവര്‍ രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഉമേഷ് മൂന്ന് വിക്കറ്റും വീഴ്ത്തി.
1970ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഓവലില്‍ ഒരു ടെസ്റ്റ് പരാജയപ്പെടുന്നത്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്.