ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേട്ടം; മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിനെ ഇന്ത്യൻ കരസേന ആദരിച്ചു. ഡൽഹിയിലാണ് ഇന്ന് നടന്ന ചടങ്ങിൽ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ സ്വീകരിച്ചത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. കഴിഞ്ഞ 16 വർഷമായി താൻ കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതൽ സിനിമകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“പതിനാറ് വർഷമായി ഞാൻ ഈ ബറ്റാലിയന്റെ ഭാഗമാണ്. ഈ കാലയളവിൽ സൈന്യത്തിനും സാധാരണ ജനങ്ങൾക്കും വേണ്ടി തന്റെ കഴിവനുസരിച്ച് പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ഇന്ന് സൈന്യ മേധാവിയുമായി ഇതു സംബന്ധിച്ചും മറ്റ് വിഷയങ്ങളെയും കുറിച്ചും ചർച്ച നടത്തി. സൈന്യത്തെ പ്രമേയമാക്കി ഇനിയും കൂടുതൽ സിനിമകൾ ഉണ്ടാകും,” — മോഹൻലാൽ പറഞ്ഞു.
സെപ്റ്റംബർ 23-നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്രപുരസ്‌കാര വേദിയിലാണ് ഈ പരമോന്നത ബഹുമതി അദ്ദേഹത്തിന് ലഭിച്ചത്. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് മോഹൻലാലിന് പുരസ്‌കാരം. ഇതാദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്.
“ഇത് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ്. ഇത്തരമൊരു നിമിഷത്തെക്കുറിച്ച് ഞാൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ഈ പുരസ്‌കാരം മുഴുവൻ മലയാള സിനിമയ്ക്കും സമർപ്പിക്കുന്നു. സിനിമയാണ് എന്റെ ആത്മാവിന്റെ സ്പന്ദനം,” — പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം മോഹൻലാൽ പ്രതികരിച്ചു.
മോഹൻലാലിനെ സംസ്ഥാന സർക്കാരും ആദരിച്ചിരുന്നു. ഒക്ടോബർ 4-ന് തിരുവനന്തപുരം വേദിയായ ‘ലാൽ സലാം’ എന്ന പേരിലുള്ള ചടങ്ങിലായിരുന്നു സംസ്ഥാനതല ആദരവുകൾ.
Tag: Indian Army honours Mohanlal for winning Dadasaheb Phalke Award