
ന്യൂഡെൽഹി: പ്രതിഷേധങ്ങൾ വകവയ്ക്കാതെ വീണ്ടും കർഷകർക്ക് പിന്തുണയുമായി മിയ ഖലീഫ. കർഷകർക്ക് പിന്തുണ നൽകിയുള്ള തന്റെ ആദ്യത്തെ ട്വീറ്റിനെ വിമർശിച്ച് ചിലർ എത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഭക്ഷണം രുചിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് മിയ ഖലീഫ എത്തിയത്.
കർഷകർക്ക് പിന്തുണ നൽകിയുള്ള തന്റെ ആദ്യത്തെ ട്വീറ്റിനെ വിമർശിച്ച് ചിലർ എത്തിയപ്പോൾ മിയ അവരെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഭക്ഷണം രുചിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. എഴുത്തുകാരി രൂപി കൗർ ആണ് മിയ ഖലീഫക്ക് ഇന്ത്യൻ ഭക്ഷണം വാഗ്ദാനം ചെയ്തത്. രൂപി കൗർ ആണ് തനിക്ക് ഭക്ഷണം എത്തിച്ച് നൽകിയതെന്നും അവർ ട്വീറ്റിൽ വ്യക്തമാക്കി. #farmersprotest എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്.
പോപ് ഗായിക റിഹാന, മിയ ഖലീഫ, അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ബന്ധു മീന ഹാരിസ്, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് എന്നിവരുടെ പ്രതികരണത്തോടെയാണ് കർഷക സമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇവരുടെ ഇടപെടലിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ക്രിക്കറ്റ് താരമായിരുന്ന സച്ചിൻ ടെൻഡുൽക്കർ, സിനിമാ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ തുടങ്ങിയവർ സർക്കാറിന് അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ചിലർ കർഷക സമരത്തെയും അന്താരാഷ്ട്ര സെലിബ്രിറ്റികളെയും അനുകൂലിച്ചു.