”പാകിസ്ഥാന്റെ ഒരൊറ്റ വിമാനം പോലും ഇന്ത്യന്‍ സേനകള്‍ തകര്‍ത്തിട്ടില്ല”; പാകിസ്ഥാൻ പ്രതിരോധ മന്ത്രി

പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ പൂർണമായും അസത്യമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പ്രതികരിച്ചു. പാകിസ്ഥാന്റെ ഒരൊറ്റ വിമാനവും ഇന്ത്യ തകർത്തിട്ടില്ലെന്നും ഖ്വാജാ ആസിഫ് പറയുന്നു.
ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ പ്രസ്താവന അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഖ്വാജാ ആസിഫ് എക്‌സിൽ കുറിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇത്തരം അവകാശവാദങ്ങൾ ഒന്നും ഉയർന്നിരുന്നില്ലെന്നും, നിയന്ത്രണരേഖയിൽ ഇന്ത്യൻ സായുധസേനയ്ക്കുണ്ടായ നഷ്ടമാണ് കൂടുതലെന്നും ഖ്വാജാ ആസിഫ് ആരോപിച്ചു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളടക്കം ആറ് വിമാനങ്ങൾ തകർത്തതായി വ്യോമസേന മേധാവി എയർ മാർഷൽ എ.പി. സിംഗ് വെളിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ ആക്രമണങ്ങളെ ചെറുത്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലായിരുന്നു ഈ പ്രസ്താവന.
Tag; “Indian forces have not shot down a single Pakistani aircraft”: Pakistan Defense Minister