പിങ്ക് നിറത്തിലുള്ള ഷെർവാണിയും തലപ്പാവും; ജസ്പ്രീത് ബുംറ പഞ്ചാബിയോ? വിവാഹത്തിനു ശേഷം ആളുകൾ തിരഞ്ഞത് താരത്തിന്റെ ജാതി!

പനാജി: അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായത്. മോഡലും അവതാരകയുമായ സഞ്ജന ഗണേശനായിരുന്നു വധു. ഗോവയിലെ സ്വകാര്യ ഹോട്ടലിൽവെച്ചായിരുന്നു വിവാഹം. മാധ്യമങ്ങളെയെല്ലാം ഒഴിവാക്കി തീർത്തും സ്വകാര്യമായിട്ടായിരുന്നു താരത്തിന്റെ വിവാഹം.
പൂർണമായും പഞ്ചാബി സ്‌റ്റൈലിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ബുംറ ഒരു സിഖ് വംശജനാണോ എന്നതായിരുന്നു. പിങ്ക് നിറത്തിലുള്ള ഷെർവാണിയും തലപ്പാവുമായിരുന്നു ബുംറയുടെ വിവാഹ വേഷം. സഞ്ജന ധരിച്ചിരുന്നത് അതേ നിറത്തിലുള്ള ലഹങ്കയും. തലപ്പാവണിഞ്ഞ ബുംറയെ കണ്ടപ്പോൾ ആരാധകർക്ക് സംശയമായി. ഇതോടെയാണ് ആളുകൾ താരത്തിന്റെ ജാതിയും ജന്മസ്ഥലും മറ്റും തിരഞ്ഞ് ഗൂഗിളിലെത്തിയത്.
ശരിക്കും ബുംറ പഞ്ചാബി കുടുംബാംഗമാണ്. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബമാണ് താരത്തിന്റേത്. ഇതുകൊണ്ടു തന്നെയാണ് വിവാഹം പൂർണമായും പഞ്ചാബി സ്റ്റൈലിലായത്.