സിംഗപ്പൂരിലുള്ള ഇന്ത്യക്കാര്‍ക്ക് പണമിടപാട് ഇനി എളുപ്പത്തിൽ

സിംഗപ്പൂരിലുള്ള ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ കൂടുതല്‍ ബാങ്കുകളില്‍ സൗകര്യമൊരുങ്ങി. ജൂലൈ 17 മുതലാണ് കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്ക് എത്തുന്നത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യുകോ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് തുടങ്ങിയവയാണ് ഈ സംവിധാനത്തിലുള്ളത്.
തെരഞ്ഞെടുക്കപ്പെട്ട 19 ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഭീം ആപ്പ്, ഗുഗ്ള്‍പേ, ഫോണ്‍പേ, ബാങ്കുകളുടെ ആപ്പുകള്‍ എന്നിവ വഴി യുപിഐ സംവിധാനത്തില്‍ സിംഗപ്പൂരില്‍ നിന്ന് പണം സ്വീകരിക്കാം. അതേസമയം, അങ്ങോട്ട് പണം അയക്കുന്നതിന് കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ വഴിയാണ് സൗകര്യം. ക്യുആര്‍ കോഡ് വഴിയുള്ള യുപിഐ പെയ്‌മെന്റ് സൗകര്യം സിംഗപ്പൂരില്‍ ഇപ്പോള്‍ ലഭ്യമാണ്. ലോകത്തിലെ ആദ്യത്തെ ക്ലൗഡ് അധിഷ്ഠിത തല്‍സമയ അന്താരാഷ്ട്ര പെയ്‌മെന്റ് സംവിധാനമാണിത്.
#Indians in Singapore can now make transactions more easily.