പൂര്‍ണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകള്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും മരുമക്കളില്ല, നാല് മക്കളാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്. പൂര്‍ണിമയാകട്ടെ എപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇക്കുറി പൂര്‍ണിമയും മല്ലികയും ഒന്നിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു ലൈവ് വന്നിരിക്കുകയാണ്. മല്ലികയോട് എല്ലാവര്‍ക്കും ചോദിക്കാനുള്ള ചോദ്യങ്ങള്‍ പൂര്‍ണിമ പറഞ്ഞുകൊടുക്കുകയും മല്ലിക ഉത്തരം നല്‍കുകയും ചെയ്യുന്നു. വനിത ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്. ഇതിനിടെ രസകരമായൊരു ചോദ്യം എത്തി. “പൂര്‍ണിമ എപ്പോഴെങ്കിലും അമ്മയെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?” എന്നായിരുന്നു ചോദ്യം. രസകരമായിരുന്നു ഇതിന് മല്ലികയുടെ ഉത്തരം.
“ഓണത്തിനും ക്രിസ്മസിനും സമ്മര്‍ വെക്കേഷനുമെല്ലാം മക്കളുമായി ലോകം ചുറ്റാന്‍ പോകും. ഒരു നാല് ദിവസം തിരുവനന്തപുരത്ത് അമ്മയോടൊപ്പം വന്നിരിക്കാന്‍ പറഞ്ഞാല്‍ അവള്‍ക്ക് സമയമില്ല,” പൂര്‍ണിമയ്ക്ക് വലിയ തിരക്കാണെന്നും അതിനിടയില്‍ അമ്മയെ വന്ന് കാണാറില്ലെന്നും മല്ലികയുടെ സ്നേഹത്തില്‍ പൊതിഞ്ഞ പരിഭവം. എന്നാല്‍ അമ്മ വെറുതെ പറയുന്നതാണെന്നും ഞാന്‍ വരുന്നതിനു പകരം കൂടി ഇന്ദ്രന്‍ വരാറില്ലേയെന്നും പൂര്‍ണിമ തിരിച്ചു ചോദിച്ചു. എന്നാല്‍ എനിക്കെന്റെ മക്കളെ കാണണ്ട, അവരെ കുറേ കാലം കണ്ട് ബോറടിച്ചതാണെന്നും മരുമക്കളെയും പേരക്കുട്ടികളേയും കണ്ടാല്‍ മതിയെന്നുമായിരുന്നു മല്ലികയുടെ മറുപടി.
അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സാധാരണ മക്കള്‍ ഇങ്ങോട്ടാണ് വരേണ്ടതെന്നും അമ്മ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും മല്ലിക പറഞ്ഞു. അത് അമ്മ തിരുവനന്തപുരത്ത് പോയി വീടുവച്ചിട്ടല്ലേ എന്ന് പൂര്‍ണിമയുടെ മറുചോദ്യം, എന്നാല്‍ മക്കളുടെയും മരുമക്കളുടെയും സ്നേഹം പരീക്ഷിക്കാനാണ് താന്‍ തിരുവനന്തപുരത്ത് വീടുവച്ചതെന്ന് മല്ലികയുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടി. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയില്‍ പൂര്‍ണിമയും.
എന്തായാലും ആ ചോദ്യത്തിന് മല്ലിക മറുപടി പറഞ്ഞ് അവസാനിപ്പിക്കുമ്ബോള്‍, അമ്മയ്ക്ക് പൂര്‍ണിമ ഒരു ഉറപ്പ് നല്‍കി. ഇനി ഇടയ്ക്കിടെ വന്ന് അമ്മയെ കണ്ടോളാം എന്ന്.