കുടുംബവഴക്ക് കയ്യാങ്കളിയിലെത്തി, ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു.

കോട്ടയം/ കുടുംബവഴക്ക് കയ്യാങ്കളിയിലെത്തിയപ്പോൾ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഏറ്റുമാനൂർ തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി (50 )ആണ് മരണപ്പെട്ടത്. ടോമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കു മക്കളില്ല.
ഞായറാഴ്ച രാത്രി 10.മണിയോടെയായിരുന്നു വാക്ക് തർക്കവും, കയ്യാങ്കളിയും, കൊലയും അരങ്ങേറുന്നത്. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വാക്ക് തർക്കത്തിലായി. വഴക്കു മൂത്തപ്പോൾ ചുറ്റിക എടുത്ത് മേരി അടിച്ചുവീഴ്ത്തുകയായിരുന്നു. മറ്റൊരു ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു അടിച്ചെന്നും പൊലീസ് പറയുന്നുണ്ട്. ഭാര്യയുടെ മരണം ഉറപ്പിച്ചശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു കൊലയെ സംബന്ധിച്ചു അറിയിക്കുകയും ചെയ്തു. അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെയും വിവരം അറിയിക്കുകയുണ്ടായി. തുടർന്നാണ് പോലീസ് ഇവർ അറിയിച്ചതനുസരിച്ച് എത്തുന്നത്. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ടോമി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ടോമി നിർമാണത്തൊഴിലാളിയാണ്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.