നിലയ്ക്കലും പമ്പയിലും പരിശോധന,മണ്ഡലകാലത്തെ ശബരിമല ദർശനം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരമിലയിൽ നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കുന്നതിനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവാൻ സാധ്യത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മണ്ഡലകാലത്തെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട് നടപ്പാക്കും.
മണ്ഡലകാലത്ത് ദർശനം അനുവദിക്കണമെന്ന നിലപാടിൽത്തന്നെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചിട്ടുണ്ട്. ഭക്തരുടെ എണ്ണം കുറയ്ക്കുമെന്നും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മാത്രമാണ് തീർഥാടകരെ പ്രവേശിപ്പിക്കുകയെന്നും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ദർശന സമയത്ത് സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആൻറിജൻ പരിശോധനയ്ക്കായി നിലയ്ക്കലും പമ്പയിലും പ്രത്യേക സംവിധാനം സ്ഥാപിക്കും. തീർത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാൻ അനുവദിക്കില്ല. ദർശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക.അന്നദാനം പരിമിതമായ തോതിൽ നടത്തും. നെയ്യഭിഷേകം പഴയതു പോലെ പ്രായോഗികമല്ല. കോവിഡ് രോഗികൾ സന്നിധാനത്ത് എത്തുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എൻ വാസു പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണയെന്നും അദ്ദേഹം വ്യക്തമാക്കി.