
ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ ശ്രേയസ് അയ്യറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റിയതായി റിപ്പോർട്ടുകൾ. ഫീൽഡിംഗിനിടെ വാരിയെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതാണെന്ന് ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗ്രൗണ്ടിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടീം ഫിസിയോമാർ ശ്രേയസിനെ ഉടൻതന്നെ മൈതാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ട് പോയി. തുടർന്ന് താരത്തെ സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മത്സരത്തിനിടെ അലക്സ് കെയറിയെ പുറത്താക്കുന്നതിനായി ശ്രേയസ് എടുത്ത അത്യന്തം ദുഷ്കരമായ ക്യാച്ചിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് പിടിച്ചെടുത്തതിന് പിന്നാലെ ഗ്രൗണ്ടിൽ വീണ ശ്രേയസിന് ശക്തമായ വേദന അനുഭവപ്പെട്ടുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആദ്യം ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേക്കാണ് മാറ്റിയത്.
“ശ്രേയസ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പരിശോധനകളിൽ ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് ഏകദേശം ഏഴ് ദിവസം വരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടർന്നേക്കും. അണുബാധ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും അതീവ ജാഗ്രത വേണം,” എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തത്.
ആദ്യഘട്ട വിലയിരുത്തലുകൾ പ്രകാരം ശ്രേയസ് മൂന്ന് ആഴ്ചയ്ക്കുള്ളിൽ മൈതാനത്തേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിലവിലെ സ്ഥിതിഗതികൾ വച്ച് നോക്കുമ്പോൾ, അദ്ദേഹത്തിന് കൂടുതൽ സമയം വിശ്രമം ആവശ്യമായേക്കും. ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ, മറ്റ് താരങ്ങൾ നാട്ടിലേക്കു മടങ്ങിയാലും സിഡ്നിയിൽ തന്നെ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ടീമിന്റെ ഡോക്ടറും അദ്ദേഹത്തോടൊപ്പം സിഡ്നിയിൽ തന്നെ തുടരും.
Tag: Internal bleeding; Shreyas Iyer, who was injured during the India-Australia ODI match, was shifted to the ICU



