ഇരകളുടെ കണ്ണീര്‍ ഇസ്രയേലിനെ കുടുക്കുമോ? ഫലസ്തീനില്‍ നടത്തിയ ക്രൂരതകള്‍ അന്വേഷിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഹേഗ്: ഫലസ്തീനീ മേഖലകളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തിയ ക്രൂരതകള്‍ അന്വേഷിക്കാന്‍ നിയമപരമായി അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. ഫലസ്തീന്‍ ഭരണകൂടവും ഫലസ്തീനികളും ഏറെ നാളായി ചെലുത്തിയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ഐ.സി.സി വിധി. ഇസ്രായേല്‍ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകള്‍ അന്വേഷിക്കണമെന്ന് ഐ.സി.സി പ്രോസിക്യൂട്ടര്‍ ഫാതൂ ബെന്‍സൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന് പ്രാഥമിക തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അവരുടെ ആവശ്യം. മനുഷ്യത്വത്തിന്റെയും നീതിയുടെയും വിജയമാണ് വിധിയെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷാത്വി പറഞ്ഞു. ഇരകളില്‍നിന്ന് ഇറ്റിയ ചോരക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള വിജയമാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
എന്നാല്‍ വിധിക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി. ജനാധിപത്യ രാജ്യങ്ങള്‍ക്ക് സ്വയം രക്ഷക്കുള്ള അവകാശം അപായപ്പെടുത്തുന്നതാണ് വിധിയെന്ന് നെതന്യാഹു പറഞ്ഞു. ഐ.സി.സി അംഗമല്ലാത്ത ഇസ്രായേല്‍, തങ്ങളുടെ പൗരന്മാരെയും പട്ടാളക്കരെയും എല്ലാവിധ പ്രോസിക്യൂഷന്‍ നടപടികളില്‍നിന്നും സംരക്ഷിക്കുമെന്നും നിലപാടറിയിച്ചു .