CrimeKerala NewsLatest NewsUncategorized

സഹസന്യാസിനി മരിക്കുന്നതു നേരിട്ടു കണ്ടതിനെ തുടർന്ന് സിസ്റ്റർ ജെസീന മാനസികമായി തളർന്നിരുന്നു; രണ്ടു തവണ ആത്മഹത്യാപ്രവണത ഉണ്ടായിട്ടുണ്ട്: സിസ്റ്റർ ജെസീനയുടെ മരണവുമായി ബന്ധപ്പെട്ട് പരക്കുന്ന ആരോപണങ്ങൾക്കെതിരെ കോൺഗ്രിഗേഷൻ

കോട്ടയം: എറണാകുളം വാഴക്കാല ഡിഎസ്റ്റി കോൺവെന്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പരക്കുന്ന ആരോപണങ്ങൾക്കെതിരെ ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷൻ.

വാഹനാപകടത്തെ തുടർന്നു സഹസന്യാസിനി മരിക്കുന്നതു നേരിട്ടു കണ്ടതിനെ തുടർന്ന് സിസ്റ്റർ ജെസീനയെ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞുവെന്നും 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്‌സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെന്റുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും ചെയ്തുവെന്നും ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് പിആർഓ സി. ജ്യോതി മരിയ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

വാർത്താകുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :

എറണാകുളം വാഴക്കാല ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് (ഡിഎസ്റ്റി) കോൺവെന്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെന്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡിഎസ്റ്റി സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ഇന്റേണൽ ഓഡിറ്റിങ്ങിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറമ്പിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സിസ്റ്റർ സിജിയെ ഇടിച്ച് തെറിപ്പിക്കുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു.

ഈ ദാരുണ സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സിസ്റ്റർ ജെസീനയെ ഈ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റർ ജെസീനക്ക് ഉജ്ജൈനിൽ ചികിത്സകൾ നൽകികൊണ്ടിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും വിദഗ്ദ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വർഷമായി സി. ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

സി. ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്‌സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെന്റുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും 2011ൽ ചികിത്സക്കായി കുറച്ചു ദിവസം വീട്ടിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടിൽ അവധിക്കു പോകുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിന്റെ വിവരങ്ങൾ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്.

എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡിഎസ്റ്റി കോൺവെന്റിലേക്ക് 2019 നവംമ്പർ മാസത്തിൽ ആണ് സിസ്റ്റർ ജെസീന ചികിത്സാർത്ഥം ട്രാൻസ്ഫർ ആയിവന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് സിസ്റ്റർ ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റർ ജെസീനായ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ പള്ളിയിൽ പോകാതെ കോൺവെന്റിൽ ഇരുന്ന് വിശ്രമിക്കാൻ മദർ നിർദ്ദേശിച്ചതനുസരിച്ച് സിസ്റ്റർ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം സിസ്റ്റർ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്‌സിനു പ്രഭാത ഭക്ഷണവും 10.30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തിരുന്നു.

പിന്നീട് ഉച്ചയൂണിന്റെ സമയത്ത് സിസ്റ്റർ ജെസീനയെ കാണാതിരുന്നപ്പോൾ കോൺവെന്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്‌സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെയും കാണാത്തതിനാൽ കോൺവെന്റിലും പരിസരത്തും അന്വേഷിക്കുകയും തുടർന്നും കാണാതെ വന്നതിനാൽ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു.

അതിനുശേഷമുള്ള അന്വേഷണത്തിലാണ് വൈകുന്നേരം ആറു മണിയോടെ സി. ജെസീനയെ സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞങ്ങളുടെ സഹോദരിയായ സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന അപേക്ഷയോടെ,

ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷന്റെ പിആർഒ

സി. ജ്യോതി മരിയ ഡിഎസ്റ്റി
ജനറലേറ്റ് , ഭരണങ്ങാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button