ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ ഉടനില്ല.

ന്യൂഡൽഹി/ ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾ ഉടൻ ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നീട്ടി. വിലക്ക് നീട്ടിയെങ്കിലും തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള പ്രത്യേക സർവീസുകൾ നിലവിലുള്ളതു പോലെ തുടരുമെന്ന് അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
മാർച്ച് 23 മുതലാണ് ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. വന്ദേ ഭാരത് മിഷനു കീഴിൽ പ്രത്യേക രാജ്യാന്തര സർവീസുകൾ മെയ് മുതൽ ആരംഭിച്ചിരുന്നു. മെയ് 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചിരുന്നു. ജൂലൈ മുതൽ എയർ ബബിൾ സംവിധാനത്തിൽ തെരഞ്ഞെടുത്ത രാജ്യങ്ങളിൽനിന്നും സർവീസ് നടത്തിവന്നിരുന്നു. ഈ സർവീസുകൾ തുടരും. യുഎസ്, ഫ്രാൻസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടത്. ഈ കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും എയർലൈനുകൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്താം.