രാജ്യാന്തര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: കോടികള്‍ മറയുന്നതെവിടേക്ക്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യരംഗത്തിന് അഭിമാനമാകേണ്ട വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ജീവം. സംസ്ഥാനത്ത് നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തില്‍ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ് എന്ന് മുഖ്യമന്ത്രി അഭിമാനം കൊണ്ടത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 നാണ്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കവേ ആയിരുന്നു അത്.
നിപ വൈറസ് ബാധയ്ക്ക് പിന്നാലെ 2019 ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമൊക്കെ വൈകിയതോടെ കോവിഡ് കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. രണ്ട് ഘട്ടമായാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
നിപയും കോവിഡും സിക്കയും ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍ കാണുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോമും (എംഎസ്ഐഎസ്) കാലേകൂട്ടി തിരിച്ചറിയാന്‍ കഴിയാത്തതു പബ്ലിക് ഹെല്‍ത്ത് കേഡര്‍ സംവിധാനത്തിന്റെ പിഴവാണെന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേഷ്ടാവായി ഡബ്ലിന്‍ ബെല്‍ഫീല്‍ഡിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് മെഡിക്കല്‍ സയന്‍സ് ക്രിഡിലെ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റായ ഡോ.വില്യം ഹാളിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഒക്ടോബര്‍ 31 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം രണ്ടുവര്‍ഷമാണ് കാലാവധി. കാലാവധി നീട്ടണമോയെന്ന് പിന്നീട് തീരുമാനിക്കും.
ഡോ.വില്യം ഹാളിന്റെ ഓരോ സന്ദര്‍ശനവും ഫ്രീയായിട്ടല്ല. അതിന് പ്രത്യേക ഓണറേറിയവും, സ്‌പെഷ്യല്‍ അലവന്‍സുകളും മറ്റ് ചെലവ് കാശും നല്‍കും. ഡബ്ലിനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനയാത്രയ്ക്ക് ബിസിനസ് ക്ലാസ് കൂലിയായി 4000 യുഎസ് ഡോളര്‍ നല്‍കും. ഏകദേശം 2,83,933 രൂപ. ഓരോ സന്ദര്‍ശനത്തിലും രണ്ടാഴ്ചയാവും ഉപദേഷ്ടാവ് സംസ്ഥാനത്ത് തങ്ങുക.
ഒരു പ്രീമിയം ഹോട്ടലില്‍ താമസം ഒരുക്കണം. പോരാത്തതിന് വാഹനം, സെക്രട്ടറി എന്നിവയും ഉണ്ടാകണം. ഇതിനെല്ലാം കൂടി മൂന്നു ലക്ഷം അനുവദിച്ചിട്ടുണ്ട്. അലവന്‍സുകള്‍-1120 യുഎസ് ഡോളര്‍.79, 524 രൂപ. ഓണറേറിയം 5000 യുഎസ് ഡോളര്‍.-3,55,020 രൂപ. കോവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗനിര്‍ണയത്തിനാവശ്യമായ ആര്‍ടിപിസിആര്‍, മറ്റ് ഗവേഷണാവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡോക്യുമെന്റേഷന്‍ സിസ്റ്റം തുടങ്ങി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി.
മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിര്‍ദ്ദേശാനുസരണമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്തായാലും നിപ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ ഉപദേഷ്ടാക്കളുടെ ബാഹുല്യം മൂലം സര്‍ക്കാര്‍ ഖജനാവ് ചോരുന്നതല്ലാതെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല എന്ന ആക്ഷേപം ഉയരുകയാണ്. 2020 ഫെബ്രുവരിയില്‍ ഡോ.വില്യം ഹാള്‍ കേരളത്തില്‍ എത്തിയിരുന്നു.
തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. ഡോളറുകള്‍ വാരിയെറിഞ്ഞ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യഉപദേഷ്ടാവായി സര്‍ക്കാര്‍ കൊണ്ടുവന്ന ഡോ.വില്യം ഹാള്‍ എവിടെ എന്ന ചോദ്യമാണ് നിപ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉയരുന്നത്.