വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പ്രതികളെ സഹായിച്ചത് ഐ എൻ ടി യു സി നേതാവ്

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐ.എന്‍.ടി.യു.സി നേതാവ് ആണെന്ന് വിവരം. ഐ.എന്‍.ടി.യുസി നേതാക്കളായ ഉണ്ണിയും സഹോദരന്‍ സനലും ഒളിവില്‍ പോയി എന്നാണു പോലീസ് പറയുന്നത്. നേരത്തെ സനലിന്റെ വീട്ടില്‍ നിന്നുമാണ് പ്രതികളുടെ ബൈക്ക് പോലീസ് കണ്ടെടുക്കുന്നത്. സംഭവസ്ഥലത്ത് നിന്നാണ് കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തത്.
കേസില്‍ ഇതുവരെ ആറ് പേര്‍ ആണ് അറസ്റ്റിലായത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സജീവ് ഒളിവിലാണ്. കോണ്‍ഗ്രസ് ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചിരുന്നു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിന്‍ എന്നിവരെ മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുന്നത്. രണ്ടുപേർ വെട്ടേറ്റു വീഴുന്നതിനിടയിൽ, ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം ആസൂത്രിതമാണെന്നതിനു സൂചന നൽകും വിധം, സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തല തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങൾക്കും, കോണ്‍ഗ്രസിനും,സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ രൂക്ഷ വിമർശനം ഉണ്ടായി. സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെടുന്നതെങ്കില്‍ അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന തോന്നലുണ്ടാക്കുംവിധം മാധ്യമങ്ങൾ വാര്‍ത്തകള്‍ വിന്യസിക്കുന്നതായും, അത് മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വമാണ് തെളിയിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. മലയാളികള്‍ ദേശീയോല്‍സവമായി കൊണ്ടാടുന്ന തിരുവോണ ദിവസം ഉത്തരവാദപ്പെട്ട ഒരു യുവജന സംഘടനയുടെ രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ അതൊരു കേരള വാര്‍ത്തയായി പോലും കൊടുക്കാത്ത ഈ മ പത്രങ്ങളുടെ മാധ്യമധര്‍മ്മം എന്താണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ ചോദിക്കുന്നു. പെരിയ കേസ് ഉണ്ടായപ്പോള്‍ ഒന്നാം പേജില്‍ എത്ര ദിവസങ്ങളാണ് ബഹുകോളം വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് താന്‍ ഓര്‍ക്കുന്നുണ്ടെന്നും മുന്‍പ് 51 വെട്ടുകളുടെ തുടര്‍ച്ചയായ വിവരണങ്ങള്‍ കോളങ്ങള്‍ നിറഞ്ഞ് വാര്‍ത്തയായിരുന്നെന്നും ജയരാജന്‍ പോസ്റ്റില്‍ എടുത്തുപറയുന്നു.
”ഈ ചെറുപ്പക്കാരുടെ രക്തത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് മാത്രമല്ല ഈ പത്രങ്ങള്‍ക്കും പങ്കുണ്ട്. അതില്‍ നിന്ന് എളുപ്പത്തില്‍ കൈകഴുകി രക്ഷപ്പെടാനാവില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 3 സഖാക്കളെയാണ് കോണ്‍ഗ്രസ്സുകാര്‍ കൊലപ്പെടുത്തിയത്. കായംകുളത്ത് സ:സിയാദ്, ഇന്നലെ സഖാക്കള്‍ ഹക്ക് മുഹമ്മദും മിഥിലാജും. ഈ ചെറുപ്പക്കാരുടെ കൊലപാതകങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൂട്ടാളികളായ ആര്‍..എസ്.എസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ആര്‍.എസ്.എസ് ചെയ്യുന്ന അതെ കൃത്യങ്ങള്‍ ഏറ്റെടുത്ത് നടത്തുകയാണ് എന്നത് പൊതുജനങ്ങള്‍ക്ക് ബോധ്യമാവുന്നുണ്ട്,” പി. ജയരാജന്‍ പറയുന്നു. തങ്ങളുടെ ക്രിമിനല്‍ സംഘം നടത്തിയ അരുംകൊലകളില്‍ പ്രതിഷേധിച്ചുകൊണ്ട് ശ്രീമാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസം ഇരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നു പരിഹസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.