ഒരു കോടി മുടക്കി ക്ലിഫ് ഹൗസ് മോടി കൂട്ടുന്നു ; എങ്ങനെയാണ് ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നതെന്ന് പിടി തോമസ്
തിരുവനന്തപുരം: ക്ലിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇത്രയും വലിയ തുക ചെലവഴിക്കാൻ കഴിയുന്നത്? നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പിടി തോമസ് എംഎൽഎ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടികൂട്ടാൻ ഒരു കോടിയോളം രൂപ ചെലവഴിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നൽകിയ മറുപടി. ക്ലിഫ് ഹൗസിലെ ഗൺമാൻമാർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക.
98 ലക്ഷത്തോളം രൂപക്കാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി ക്ലിഫ് ഹൗസിൻറെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് മന്ത്രി മന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്.