രക്ഷയില്ലാതെ രാജസ്ഥാൻ; തുടർച്ചയായ നാലാം തോൽവി

രാജസ്ഥാൻ റോയൽസിനെ 46 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 185 ലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 138 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. രാജസ്ഥാൻ വഴങ്ങുന്ന തുടർച്ചയായ നാലാം തോൽവിയാണിത്. ഇന്നത്തെ ജയത്തോടെ ആറു കളികളിൽ നിന്നും അഞ്ചുജയവുമായി ഡൽഹി പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.
കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ മുൻനിര ബാറ്റ്സ്മാൻമാർക്കൊന്നും തിളങ്ങാനായില്ല. 38 റൺസെടുത്ത രാഹുൽ തെവാട്ടിയയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഹെറ്റ്മെയറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിലാണ് 184 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ല എന്ന നിലയിൽ നിന്നാണ് ഡൽഹി ഉയർത്തെഴുന്നേറ്റത്.ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡ് 12-ൽ നിൽക്കെ ശിഖർ ധവാനെ മടക്കി ജോഫ്ര ആർച്ചർ ഡൽഹിയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേർന്ന് 30 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ആർച്ചർ വീണ്ടും ഡൽഹിയെ വിറപ്പിച്ചു. ഇത്തവണ പൃഥ്വി ഷായെയാണ് ആർച്ചർ മടക്കിയത്. പിന്നാലെ ശ്രേയസ്സ് അയ്യരെ മികച്ച ഒരു ത്രോയിലൂടെ യുവതാരം യശസ്വി ജയ്സ്വാൾ റൺ ഔട്ട് ആക്കുകയും ചെയ്തു. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിനെയും റൺ ഔട്ടായി.തുടർന്നെത്തിയ ഹെറ്റ്മെയറും സ്റ്റോയിനിസും ചേർന്നതോടെ ഡൽഹി സ്കോറിന് ജീവൻ വെച്ചു. മികച്ച ഷോട്ടുകളുമായി സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഡൽഹി കളിയിലേക്ക് തിരിച്ചുവന്നു. എന്നാൽ സ്റ്റോയിനിസിനെ മടക്കി രാഹുൽ തെവാട്ടിയ കളി വീണ്ടും രാജസ്ഥാന് അനുകൂലമാക്കി. 39 റൺസാണ് സ്റ്റോയിനിസ് നേടിയത്.എങ്കിലും അവസാന ഓവറുകളിൽ അടിച്ചു തകർത്ത ഹെറ്റ്മെയറാണ് മാന്യമായ ടോട്ടൽ ഡൽഹിയ്ക്ക് സമ്മാനിച്ചത്. മോശം ബോളുകൾ കണ്ടെത്തി പ്രഹരിച്ച ഹെറ്റ്മെയർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷെ കാർത്തിക് ത്യാഗിയുടെ പന്ത് സിക്സ് പറത്താനുള്ള ഹെറ്റ്മെയറുടെ ശ്രമം പാളി. 24 പന്തുകളിൽ നിന്നും 45 റൺസെടുത്ത് ഹെറ്റ്മെയർ പതിനെട്ടാം ഓവറിൽ പുറത്തായി.
പിന്നീട് ഒത്തുചേർന്ന ഹർഷൽ പട്ടേലും അക്സർ പട്ടേലും ചേർന്ന് വെടിക്കെട്ട് പ്രകടനവുമായി സ്കോർ ബോർഡ് 180 കടത്തി.
രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മികച്ച പ്രകടനം കാഴ്ചവെച്ചു. ആർച്ചർ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കാർത്തിക്ക് ത്യാഗി, ആൻഡ്രൂ ടൈ, രാഹുൽ തെവാട്ടിയ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറെ അശ്വിൻ പുറത്താക്കി. സ്റ്റീവ് സ്മിത്തിന് പകരം യുവതാരം യശ്വസി ജയ്സ്വാളാണ് ഓപ്പണറായി ഇറങ്ങിയത്.ബട്ലർ പുറത്തായതിനുശേഷം ക്രീസിലെത്തിയ സ്മിത്ത് ജയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറി. ഇരുവരും ചേർന്ന് 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആന്റിച്ച് നോർഹെ അത് പൊളിച്ചു. 24 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെ പുറത്താക്കി നോർഹെ ഡൽഹിയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു.ഇത്തവണ നാലാമനായാണ് മലയാളി താരം സഞ്ജു സാസംൺ ക്രീസിലെത്തിയത്. എന്നാൽ ഈ മത്സരത്തിലും സഞ്ജുവിന് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ചുറൺസ് മാത്രമാണ് സഞ്ജു നേടിയത്. പിന്നാലെയെത്തിയ ലോംറോറിനും പെട്ടെന്ന് മടങ്ങി. പിന്നാലെ 34 റൺസെടുത്ത് ജയ്സ്വാളും കൂടാരം കയറി.. രാഹുൽ തെവാട്ടിയ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല.ഡൽഹിയ്ക്ക് വേണ്ടി റബാദ മൂന്നു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ അശ്വിൻ, സ്റ്റോയിനിസ് എന്നിവർ രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. നോർഹെ, ഹർഷൽ പട്ടേൽ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.