വാംഖഡെ സ്റ്റേഡിയത്തിലെ ബിസിസിഐ ഓഫീസിൽ നിന്ന് ഐപിഎൽ 2025ലെ ജേഴ്‌സികൾ മോഷണം പോയി. 6.5 ലക്ഷം രൂപ വിലവരുന്ന 261 ജേഴ്‌സികളാണ് നഷ്ടമായത്. ഓരോ ജേഴ്‌സിക്കും ഏകദേശം 2500 രൂപയാണ് വില.
സംഭവുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ ഫാറൂഖ് അസ്ലം ഖാൻ (40)നെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 13നാണ് ഫാറൂഖ് ജേഴ്‌സികൾ മോഷ്ടിച്ചതെന്ന് കണ്ടെത്തി. ഈ മാസം പകുതിയോടെ സ്റ്റോർ റൂമിലെ കണക്കെടുപ്പിനിടെ വലിയ തോതിൽ ജേഴ്‌സികൾ കാണാതായതായി അധികൃതർ ശ്രദ്ധിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഫാറൂഖ് ജേഴ്‌സികൾ പെട്ടികളിൽ നിറച്ച് കടത്തിക്കൊണ്ടുപോകുന്നത് വ്യക്തമായി. തുടർന്ന് ബിസിസിഐ ജൂലൈ 17ന് പൊലീസിൽ പരാതി നൽകി.
ഓൺലൈൻ ഗെയിമുകളിൽ ആസക്തനായ ഫാറൂഖ്, ഗെയിം കളിക്കാൻ ആവശ്യമായ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വിറ്റ ജേഴ്‌സികളിൽ നിന്നു ലഭിച്ച തുക ബാങ്ക് അക്കൗണ്ടിൽ എത്തി, എന്നാൽ മുഴുവൻ പണവും ഓൺലൈൻ ഗെയിമുകളിൽ നഷ്ടപ്പെട്ടുവെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി.
Tag: IPL 2025 jerseys stolen from BCCI office; security guard arrested