ആവേശപ്പോരിൽ നിറഞ്ഞ് ഐ പി എൽ; ബാംഗ്ലൂരിനും ഡൽഹിക്കും തകർപ്പൻ ജയം

ഐ പി എല്ലിൽ ആവേശപ്പോര് കണ്ട ശനിയാഴ്ച്ചത്തെ മത്സരങ്ങളിൽ ഡൽഹിക്കും ബാംഗ്ലൂരിനും തകർപ്പൻ ജയം. ജയത്തോടെ ഇരു ടീമുകളും പ്ലേ ഓഫ് സാധ്യത ഉറപ്പാക്കി.രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ ജയം. രണ്ടാം മത്സരത്തിൽ ഡൽഹി അഞ്ചു വിക്കറ്റിന് ചെന്നൈയെ തോൽപ്പിച്ചു.
രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ബാംഗ്ലൂര്‍ മറികടന്നത്. 22 പന്തില്‍ 55 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ് നേടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് കൂടുതല്‍ ചേരും എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഉത്തപ്പയുടെ ബാറ്റിംഗ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ 23 ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ദേവ്ദത്ത് പടിക്കലിന് കൂട്ടായി വിരാട് കോലികൂടി എത്തിയതോടെ സ്‌കോര്‍ ഉയര്‍ന്നു. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു. അവസാന ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്‌സിന്റേതായിരുന്നു വിജയ റണ്‍സും.
രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ ഡൽഹി മറികടന്നു.സെഞ്ചുറിയുമായി തിളങ്ങിയ ശിഖർ ധവാനാണ് ഡൽഹിയുടെ വിജയ ശിൽപ്പി. ഐ.പി.എല്ലിലെ കന്നി സെഞ്ചുറി നേടിയ ധവാൻ 58 പന്തിൽ നിന്ന് 1 സിക്സും 14 ഫോറുമടക്കം 101 റൺസോടെ പുറത്താകാതെ നിന്നു.അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമെന്നിരിക്കെ രവീന്ദ്ര ജഡേജയെ മൂന്ന് തവണ അതിർത്തി കടത്തിയ അക്ഷർ പട്ടേലാണ് ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. അഞ്ചു പന്തിൽ നിന്ന് മൂന്നു സിക്സടക്കം അക്ഷർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു.
180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ (0) നഷ്ടമായി. ദീപക് ചാഹറാണ് ഷായെ പുറത്താക്കിയത്. സ്കോർ 26-ൽ എത്തിയപ്പോൾ എട്ടു റൺസുമായി രഹാനെയും മടങ്ങി.തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ശിഖർ ധവാൻ – ക്യാപ്റ്റൻ ശ്രേയസ് അയ്യർ സഖ്യമാണ് ഡൽഹി ഇന്നിങ്സിനെ താങ്ങിനിർത്തിയത്. 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
23 പന്തിൽ 23 റൺസെടുത്ത ശ്രേയസിനെ ബ്രാവോയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്നിസ് 14 പന്തിൽ നിന്ന് രണ്ടു സിക്സും ഒരു ഫോറുമടക്കം 24 റൺസെടുത്ത് ധവാന് ഉറച്ച പിന്തുണ നൽകി.ചെന്നൈക്കായി നാല് ഓവർ എറിഞ്ഞ ദീപക് ചാഹർ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തിരുന്നു. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ സാം കറനെ (0) നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച ഫാഫ് ഡുപ്ലെസി – ഷെയ്ൻ വാട്ട്സൺ സഖ്യവും ഇന്നിങ്സിന്റെ അവസാനം തകർത്തടിച്ച അമ്പാട്ടി റായുഡു – രവീന്ദ്ര ജഡേജ സഖ്യവുമായിരുന്നു ചെന്നൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി 47 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 58 റൺസെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളിൽ നിന്നാണ് റബാദയുടെ നേട്ടം.
ഡുപ്ലെസി പുറത്തായ ശേഷം തകർത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്കോർ 150 കടത്തിയത്. 25 പന്തുകൾ നേരിട്ട റായുഡു നാലു സിക്സും ഒരു ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു.ജഡേജ 13 പന്തുകളിൽ നിന്ന് നാല് സിക്സറുകളടക്കം 33 റൺസെടുത്തു. ധോനി മൂന്ന് റൺസെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റിൽ റായുഡു – ജഡേജ സഖ്യം 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഡൽഹിക്കായി നോർക്യ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാർ, റബാദ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.