വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ; പ്രതിഷേധത്തിനൊരുങ്ങി എൻഡിഎ മുന്നണി
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇൻഡ്യ സഖ്യം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക തട്ടിപ്പ് ആരോപണത്തെ മുഖ്യ വിഷയമാക്കി മുന്നോട്ട് പോകാനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. 300-ഓളം എംപിമാരുടെ പങ്കാളിത്തത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ മാർച്ച് സംഘടിപ്പിക്കും. നാളെ രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിന് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുക.
മാർച്ചിനു ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും ഉയർത്തും. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ ശക്തമായി പിന്തുണയ്ക്കുകയാണ് സഖ്യത്തിലെ കക്ഷികൾ. ഇത് സഖ്യത്തിന്റെ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. അതേസമയം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും, അവിടെ വിഷയം വിശദമായി ചർച്ചചെയ്യുമെന്നും വിവരം.
മഹാരാഷ്ട്രയിൽ സാധാരണ അഞ്ച് വർഷം കൊണ്ടു ചേർക്കുന്നതിലും കൂടുതലായ വോട്ടർമാരെ വെറും അഞ്ച് മാസത്തിനുള്ളിൽ ചേർത്തതായും, ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതിയിൽ ഉണ്ടായ മാറ്റത്തിൽ സംശയമുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിൽ വൈകുന്നേരം 5 മണിക്കു ശേഷമാണ് പോളിംഗ് അസാധാരണമായി ഉയർന്നത്. 40 ലക്ഷം ദുരൂഹ വോട്ടർമാരുടെ പങ്കാളിത്തം രേഖപ്പെടുത്തി. 45 ദിവസത്തിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും, അത് തെളിവുകൾ മറയ്ക്കാനാണെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷണം നടത്തിയെന്നും, ഹരിയാനയിലും അട്ടിമറി നടന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ താൻ ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഴുവൻ അറിയുന്നുവെന്നും, തനിക്കെതിരെ അവർ നടപടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tag: Irregularities in voter list; NDA front prepares for protest