കോവിഡ് മൂന്നാം തരംഗമോ? ലോകം ഭയത്താല്‍ നടുങ്ങുന്നു
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം വരുമെന്ന ഭീതിയില്‍ ലോകം. ഒരിടവേളയ്ക്കു ശേഷം ലോകത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ചൈനയും റഷ്യയും ബ്രിട്ടനും സിംഗപ്പൂരുമെല്ലാം കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാവാതെ വലയുകയാണ്. കോവിഡ് വാക്‌സിനുകള്‍ വ്യാപകമാക്കി ലോകം സാധാരണനിലയിലേക്കെത്താന്‍ തുടങ്ങുമ്പോഴാണ് മൂന്നാം തരംഗം എന്ന പോലെ വീണ്ടും കോവിഡ് രൂക്ഷമാകുന്നത്.
ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് യുകെയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,83,756 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നില്‍ റഷ്യയാണ്. 2,17,322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേസുകള്‍ 15 ശതമാനത്തോളമാണ് കൂടിയത്. റഷ്യയില്‍ കോവിഡ് മരണങ്ങളും കുത്തനെ ഉയരുകയാണ്. ജൂലായ് 17ന് ശേഷം ആദ്യമായിട്ടാണ് യുകെയില്‍ 50,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഡെല്‍റ്റ പ്ലസ് വകഭേദമാണ് കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിംഗപ്പൂരില്‍ വ്യാഴാഴ്ച 3,439 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,613 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 346 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്.
കേസുകള്‍ കൂടിയതോടെ സ്‌കൂളുകള്‍ അടയ്ക്കാനും, നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തങ്ങള്‍ കോവിഡില്‍ നിന്നും സുരക്ഷിതരാണെന്ന ചൈനയുടെ വാദം ഇതോടെ പൊളിയുകയാണ്. ചൈനയുടെ വിവിധ പ്രവിശ്യകളിലായി നിരവധി നഗരങ്ങളാണ് അടച്ചുപൂട്ടിയിരിക്കുന്നത്.