Kerala NewsLatest NewsPolitics

കേരള ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെയോ?

ദേശീയത മുറുകെപ്പിടിച്ച് ഇന്ത്യയൊട്ടാകെ അതിവേഗം പടര്‍ന്നുപന്തലിച്ച പാര്‍ട്ടിയാണ് ഭാരതീയ ജനത പാര്‍ട്ടി. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ അല്‍പം സമയമെടുത്തെങ്കിലും ഗോവയിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലും എന്തിന് തമിഴ്നാട്ടില്‍ വരെ ബിജെപിക്ക് പാര്‍ലമെന്റില്‍ അംഗങ്ങളെ എത്തിക്കാനായി. എന്നാല്‍ കേരളം മാത്രം ബിജെപിക്ക് ബാലികേറമലയായി നിലകൊണ്ടു.

ഇടത്- വലത് മുന്നണികളുടെ ജാതി-മത പ്രീണനങ്ങള്‍ മൂലമാണ് ബിജെപിക്ക് കേരളത്തില്‍ പ്രാതിനിധ്യം ഇല്ലാതിരിക്കുന്നത് എന്ന താത്വിക അവലോകനം മാത്രം ഇന്ത്യയൊന്നാകെ മാറ്റൊലി കൊണ്ടു. ഈ മുന്നണികളുടെ പ്രീണനത്തില്‍ മനംമടുത്ത് ബിജെപിയെ നെഞ്ചോടുചേര്‍ക്കാന്‍ കേരളീയര്‍ തയാറാണെന്ന് വന്നപ്പോഴേക്കും ബിജെപിക്കാര്‍ക്ക് കേരളത്തില്‍ നിന്ന് ഒരു പ്രാതിനിധ്യവും വേണ്ടെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. വി. മുരളീധരന്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതോടെയാണ് ബിജെപിയുടെ കേരളത്തിലെ നിലപാടുകള്‍ക്ക് പൊതുജനശ്രദ്ധ കൂടുതല്‍ കൈവന്നത് എന്ന് നമുക്ക് കാണാന്‍ സാധിക്കും.

മുരളീധരന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കേരള ഘടകം കാസര്‍ഗോഡും പാലക്കാടും തിരുവനന്തപുരവും വിജയപ്രതീക്ഷ ഉയര്‍ത്തി. എന്നാല്‍ ന്യൂനപക്ഷ ഏകീകരണം തങ്ങളെ തകര്‍ത്തെന്ന് സംസ്ഥാന നേതാക്കള്‍ വിലപിച്ചു. ഇതോടെ അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റി കുമ്മനം രാജശേഖരനെ കൊണ്ടുവന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആകമാനം കുമ്മനത്തിന്റെ വരവില്‍ സന്തോഷിച്ചു. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ചരിത്രത്തിലാദ്യമായി തിരുവനന്തപുരം ജില്ലയിലെ നേമത്തു നിന്നും ഒ. രാജഗോപാലിലൂടെ നിയമസഭയില്‍ അക്കൗണ്ട് തുറന്നു.

ഈ ചരിത്രമുഹൂര്‍ത്തത്തിന്റെ മധുവിധു തീരുംമുന്‍പെ കുമ്മനത്തെ ഗവര്‍ണറാക്കി ദേശീയ നേതൃത്വം നിയമിച്ചു. തുടര്‍ന്ന് പി.എസ്. ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കി. പിണറായി വിജയന്‍ കേരളത്തിന്റെ ഭരണം കൈയാളിയപ്പോള്‍ മുതലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിലെ വീഴ്ചകള്‍ അക്കമിട്ട് ഫേസ് ബുക്ക് പോസ്റ്റില്‍ നിരത്തിയതല്ലാതെ പ്രത്യക്ഷ സമരത്തിന് ബിജെപി ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍ന്ന് ഹൈന്ദവ വികാരത്തിനെ ആകമാനം മുറിവേല്‍പിച്ച സുപ്രീംകോടതി വിധി വന്നു- ശബരിമലയില്‍ യുവതികള്‍ക്കും ദര്‍ശനം നടത്താം. ഇതിനെതിരെ ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തതവരുത്തി ബിജെപി സമരമുഖത്തേക്ക് കടന്നു.

ഈ സമരത്തില്‍ ബിജെപി രണ്ടു നേതാക്കള്‍ക്ക് കീഴില്‍ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കീഴിലും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ കീഴിലും. പ്രത്യക്ഷ സമരങ്ങളില്‍ ബിജെപിക്കാര്‍ ഹൈന്ദവരുടെ അവകാശങ്ങള്‍ക്കായി നിലകൊണ്ടപ്പോള്‍ ഇതര മതനേതാക്കളും അവര്‍ക്കൊപ്പം നിരന്നുനിന്നു. ഇടതുപക്ഷം ഇരട്ടത്താപ്പിന്റെ ഉത്തമോദാഹരണമാണെന്ന് ബിജെപി ഏകസ്വരത്തില്‍ മുദ്രകുത്തി. സുരേന്ദ്രന്‍ ശബരിമലയില്‍ പോയി ഭക്തര്‍ക്കൊപ്പം യുവതി പ്രവേശനത്തിനെതിരെ മുന്‍നിരയില്‍ നിന്നു പോരാട്ടം നയിച്ചു. എന്നാല്‍ കേരളത്തിലെ തിരക്കുള്ള അഭിഭാഷകനായ പി.എസ്. ശ്രീധരന്‍ പിള്ള സമരാവേശത്തെ ഫലത്തില്‍ തണുപ്പിക്കുന്ന രീതിയിലാണ് പോരാട്ടത്തിനിറങ്ങിയത്.

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും സമരം കൊടുമ്പിരികൊള്ളുമ്പോള്‍ പത്തനംതിട്ട കലക്ടറേറ്റിനു മുന്നിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ സമരം. ഇത് ബിജെപിയുടെ ഇരട്ടത്താപ്പാണെന്ന് യുഡിഎഫ് ജനങ്ങളെ ബോധ്യപ്പെടുത്തി. അയ്യപ്പനെ വെല്ലുവിളിച്ച ഇടതുപക്ഷത്തിനെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസുകാര്‍ കിട്ടിയ ആയുധം ഫലപ്രദമായി ഉപയോഗിച്ചു. സുരേന്ദ്രനെ സമരമുഖത്തു നിന്നും പോലീസ് അറസ്റ്റ് ചെയ്തതോടെ സമരത്തിന്റെ രൂപം മാറി. കേരളത്തില്‍ ബിജെപി തരംഗം ആഞ്ഞടിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ന്നുവന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം മുഴുവനും ബിജെപി തൂത്തുവാരുമെന്ന പാഴ്ക്കിനാവും കണ്ട് സാധാരണപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിനിറങ്ങി. സുരേഷ് ഗോപിയടക്കമുള്ള പ്രതിനിധികള്‍ മത്സരത്തിനെത്തി രംഗം കൊഴുപ്പിച്ചു. ഒന്നാം മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കും രാജ്യത്തിനും വേണ്ടി നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുപകരം ശബരിമല അയ്യപ്പന്റെ നിസഹായവസ്ഥയും പിണറായിയുടെ ഹൈന്ദവ വിരോധവും ബിജെപി വീടുവീടാന്തരം കയറി ജനങ്ങളോട് തുറന്നുപറഞ്ഞു.

ഫലത്തിനുള്ള കാത്തിരിപ്പിനിടെ നേതൃമാറ്റത്തിന്റെ ആവശ്യകത സാധാരണപ്രവര്‍ത്തകര്‍ അവരാലാവും വിധം ദേശീയനേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കേരളത്തില്‍ നിന്നും ഒരാള്‍ പോലും ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കെത്തിയിട്ടില്ലെന്ന് വിശ്വസിക്കാന്‍ ഒട്ടുമിക്ക പ്രവര്‍ത്തകരും ദിവസങ്ങളെടുത്തു. തുടര്‍ന്നു നടന്ന നിയമസഭ തിരഞ്ഞെടുപ്പിലാകട്ടെ ഏക സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ശ്രീധരന്‍ പിള്ളയെ മാറ്റി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കി. ഗവര്‍ണറായി പോയ കുമ്മനം രാജശേഖരന്‍ പദവി രാജിവച്ച് ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി കേരളത്തില്‍ തിരിച്ചുവന്നു. ശ്രീധരന്‍ പിള്ളയാകട്ടെ ഗവര്‍ണറായി ഉത്തരേന്ത്യയിലേക്കു പോവുകയും ചെയ്തു.

പാര്‍ലമെന്റ് ഇലക്ഷനു ശേഷം നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാനായില്ല എന്നുതന്നെ പറയാം. പാലക്കാടിനൊപ്പം പന്തളം നഗരസഭയും ബിജെപിക്ക് ഭരിക്കാന്‍ ലഭിച്ചു. ഇതൊന്നുമല്ല നിയമസഭ തിരഞ്ഞെടുപ്പ് എന്ന് പ്രവര്‍ത്തകരോട് ഉദ്ബോധനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങാന്‍ ആലോചിക്കുമ്പോഴേക്കും ഇലക്ഷന്‍ വന്ന് കേരളം ഇടതുപക്ഷം ഭരിക്കാന്‍ തുടങ്ങി. അവസാനം തോല്‍വിയുടെ ആഘാതത്തെക്കുറിച്ചും കാരണത്തെക്കുറിച്ചുമെല്ലാം പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേക്കും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് ഇങ്ങെത്തും.

കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചു നോക്കുമ്പോഴേക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരും. അപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അണികളെ ഉദ്ബോധിപ്പിക്കും- 1980കളില്‍ ബിജെപി രൂപീകരിച്ച് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതിനേക്കാള്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ നമുക്ക് കേരളത്തില്‍ കൂടിയിട്ടുണ്ട്. ഇടത്-വലത് മുന്നണികള്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനം നമ്മുടെ പൊതുജനസ്വീകാര്യതയില്‍ ഇടിവുണ്ടാക്കി.

മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും നമ്മളെ തോല്‍പിക്കാനായി പലയിടത്തും വോട്ട് മറിച്ചു. അതിനാലാണ് നമുക്ക് വിജയം അപ്രാപ്യമായത്. സ്ഥിരം പല്ലവികളില്‍ നിന്ന് മാറി തോല്‍വിയുടെ യഥാര്‍ഥ കാരണം സ്വന്തം പ്രവര്‍ത്തകരോട് പറഞ്ഞ് തെറ്റുതിരുത്തി മുന്നേറുന്ന ഒരു നേതൃത്വം ഉയര്‍ന്നുവരുന്നതുവരെ ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ സംഭവിക്കും- പക്ഷേ അത് പടവലങ്ങ വളരുന്നത് പോലെയാവും എന്നുമാത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button