Kerala NewsLatest NewsLaw,News

ബിനീഷിന്റെ ജാമ്യക്കാരുടെ പിന്മാറ്റം ഇഡി പേടിയിലോ?

ബംഗളൂരു: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യക്കാര്‍ പിന്മാറിയത് ഇഡി പേടിയിലെന്ന് സൂചന. ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നിട്ടും ഇന്നലെ ബിനീഷിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യം നില്‍ക്കാമെന്നേറ്റവര്‍ അവസാന നിമിഷം പിന്മാറിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്വത്തിലായത്.

ജാമ്യവ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒരു വര്‍ഷത്തിലധികം ബിനീഷ് ജയിലില്‍ കിടന്നു കഴിഞ്ഞു.

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം ഉള്‍പ്പടെയാണ് ഉപാധികള്‍. ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ അന്വേഷണം ഏതെങ്കിലും സാഹചര്യത്തില്‍ ബിനീഷിലേക്കെത്തിയാല്‍ വീണ്ടും കുരുക്ക് മുറുകും. ബിനീഷിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീം കോടതിയെ സമീപിച്ചേക്കും. കോടതിയില്‍ രണ്ട് കേന്ദ്ര ഏജന്‍സികളും ഇനി സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.

ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുമായി നേരിട്ട് ബന്ധമുള്ള മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടിയെന്നവകാശപ്പെട്ടുകൊണ്ടാണ് ബംഗളൂരു മയക്കുമരുന്ന് കേസ് അവതരിപ്പിച്ചത്. ബിനീഷിന്റെ അടുത്ത സുഹൃത്തും മലയാളിയുമായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനുമാണ് കേസിലെ പ്രധാന പ്രതികള്‍. ഒരുതവണ ചോദ്യം ചെയ്തതല്ലാതെ ബിനീഷിനെതിരെ ഇതുവരെ ഒരു നടപടിയും എന്‍സിബി സ്വീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും എന്‍സിബി കോടതിയെ അറിയിച്ചത്.

ബിനീഷിന്റെ അക്കൗണ്ടില്‍നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മുഹമ്മദിന് അനൂപിന് കൈമാറിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ എന്‍സിബി ബിനീഷിനെ കസ്റ്റഡിയില്‍ എടുക്കും. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന ബിനീഷിന്റെ വാദം അവര്‍ വിശ്വസിച്ചിട്ടില്ല. ഇഡിയുടെ കേസിലെ തുടര്‍ നടപടികളും നിര്‍ണായകമാണ്. ലഹരി ഇടപാടില്‍ നേരിട്ട് പങ്കുള്ള മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡിലെ ഒപ്പുപോലും ബിനീഷിന്റെതാണെന്നാണ് ഇഡി കോടതിയെ അറിയിച്ചിട്ടുള്ളത്.

ഹോട്ടല്‍ വ്യവസായത്തിനെന്ന പേരില്‍ പണം മയക്കുമരുന്നിടപാടുകാര്‍ക്ക് കൈമാറി, പേരിന് മാത്രം വ്യവസായം നടത്തി, ആ പണമുപയോഗിച്ച് ബിനീഷ് ലഹരി ഇടപാട് നടത്തി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കണ്ടെത്തല്‍. കൂടുതല്‍ തെളിവുകളുമായി ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ഇതെല്ലാം അറിഞ്ഞാണ് ജാമ്യക്കാര്‍ പിന്മാറിയതെന്നും സൂചനയുണ്ട്. ബിനീഷിന് ജാമ്യം നിന്നാല്‍ തങ്ങള്‍ ഭാവിയില്‍ ഊരാക്കുടുക്കിലാവുമെന്ന ഭീതി ജാമ്യം നില്‍ക്കാനെത്തിയവര്‍ പിന്മാറുന്നതിന് കാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ജാമ്യക്കാര്‍ തയാറാണെന്നും ഇന്ന് ഉച്ചയോടെ ബിനീഷ് പുറത്തിറങ്ങിയേക്കുമെന്നുമാണ് ലഭക്കുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button