ഐഎസ്എൽ പ്രതിസന്ധി അവസാനിക്കുന്നു; ഒക്ടോബർ 24ന് ലീഗ് ആരംഭിക്കും
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ചുറ്റുപറ്റിയിരുന്ന അനിശ്ചിതത്വം മാറുകയാണ്. 2025 ഒക്ടോബർ 24ന് ലീഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനായി വേദികളുടെ ലഭ്യത ഉറപ്പാക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) ക്ലബ്ബുകൾക്ക് നിർദേശം നൽകി.
ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (FSDL), എഐഎഫ്എഫ് എന്നിവർ തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് പ്രതിസന്ധിക്ക് കാരണമായത്. കരാർ ഡിസംബറിൽ അവസാനിക്കുന്നതിനാൽ ലീഗിന്റെ ഭാവി സംശയത്തിലായിരുന്നുവെങ്കിലും, നിലവിലെ ക്രമീകരണം ഈ സീസൺ അവസാനം വരെ തുടരാൻ ധാരണയായി. ഈ വിവരം സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം.
ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് സൂചനയുണ്ടായിരുന്നത്. എന്നാൽ, ഒടുവിൽ ഒക്ടോബറിലാണ് ആരംഭിക്കുന്നത്. പന്ത്രണ്ടാം സീസൺ നടക്കുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട എന്ന് എഐഎഫ്എഫ് പ്രസിഡൻറ് കല്യാൺ ചൗബേ വ്യക്തമാക്കിയിട്ടുണ്ട്.
Tag: ISL crisis ends; league to start on October 24