Latest NewsWorld

ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് ഇസ്രയേൽ സെെന്യം; ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവർ കസ്റ്റഡിയിൽ

ഇസ്രയേല്‍ അധിനിവേശം തുടരുന്ന പലസ്തീനിലേക്ക് സഹായങ്ങളുമായി യാത്ര ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരുടെ ഫ്‌ളോട്ടിലയിലെ കൂടുതല്‍ ബോട്ടുകള്‍ ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തു. ഗ്രെറ്റ യാത്ര ചെയ്ത അല്‍മ, സൈറസ്, സ്പെക്ട്ര, ഹോഗ, അധറ, ഡയര്‍ യാസിന്‍ അടക്കം എട്ട് ബോട്ടുകളാണ് തടഞ്ഞത്. ഗ്രെറ്റയെയും മറ്റു പ്രവര്‍ത്തകരെയും ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇതിന് പുറമേ, രണ്ട് ബോട്ടുകള്‍ ഇനിയും ഗാസ അതിര്‍ത്തിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.

സംഭവം ഗാസയില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ അകലെയുള്ള അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലായിരുന്നു. പിടിക്കപ്പെട്ട പ്രവര്‍ത്തകരെ ഇസ്രയേല്‍ തുറമുഖത്തേയ്ക്ക് കൊണ്ടുപോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും അറിയിച്ചു. കൂടാതെ, ബോട്ടിനുള്ളിലെ ഗ്രെറ്റയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോയും മന്ത്രാലയം പുറത്തുവിട്ടു. അതില്‍ ഗ്രെറ്റയ്ക്ക് ഒരാള്‍ വെള്ളവും റെയിന്‍കോട്ടും നല്‍കുന്നത് കാണാം.

ഫ്‌ളോട്ടില വക്താവ് വ്യക്തമാക്കുന്നതനുസരിച്ച്, ഗാസ പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അല്‍മ, സൈറസ് അടക്കമുള്ള ബോട്ടുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവെന്നും തുടര്‍ന്ന് ലൈവ് സ്ട്രീം ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേല്‍ നിര്‍ബന്ധിക്കുന്ന രേഖകളില്‍ ഒരിക്കലും ഒപ്പിടില്ലെന്നും വക്താവ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ ലോകമെമ്പാടും പ്രതിഷേധം ശക്തമായി. ജര്‍മനി, ഇറ്റലി, തുര്‍ക്കി, ഗ്രീസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ബെര്‍ലിനില്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ അടച്ചിടേണ്ടിവന്നു. കൊളംബിയ, ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി, വ്യാപാര കരാറും റദ്ദാക്കി. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കാന്‍ നടപടികളും ആരംഭിച്ചു.

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയെ പൂര്‍ണമായും ഒഴിപ്പിക്കാനുള്ള ശ്രമവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നു. സെപ്റ്റംബര്‍ ഒന്നിന് ബാഴ്‌സലോണയില്‍ നിന്നാണ് ഫ്‌ളോട്ടില യാത്ര ആരംഭിച്ചത്. ഗ്രെറ്റയ്ക്ക് പുറമെ, നെല്‍സന്‍ മണ്ടേലയുടെ പേരക്കുട്ടി മണ്ട്‌ല മണ്ടേല, മുന്‍ ബാഴ്‌സലോണ മേയര്‍ അഡ കോളോ, ചരിത്രകാരന്‍ ക്ലിയോനികി അലക്‌സോപൗലോ, മനുഷ്യാവകാശ പ്രവര്‍ത്തക യാസ്മിന്‍ അസര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന്‍ കാരന്‍ മൊയ്‌നിഹാന്‍ എന്നിവരുള്‍പ്പെടെ ഏകദേശം അഞ്ഞൂറോളം പ്രവര്‍ത്തകര്‍ 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നുണ്ട്. ഭക്ഷണം, വെള്ളം, മരുന്ന് അടക്കം അനിവാര്യവസ്തുക്കള്‍ ഗാസയിലെത്തിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഇതിനുമുമ്പും രണ്ടു തവണ ബോട്ടുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പ്രവര്‍ത്തകര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

Tag: Israeli army seizes more boats in flotilla; Greta Thunberg and others in custody

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button