international newsLatest NewsWorld

ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച കരാർ ഹമാസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും, സംഘടന കടുത്ത സമ്മർദ്ദത്തിലാണെന്ന സൂചനകളാണുള്ളതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ സർക്കാരും സൈന്യവും എന്നാണ് നെതന്യാഹുവിന്റെ വിലയിരുത്തൽ. സൈന്യത്തിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 60 ദിവസത്തെ വെടിനിർത്തൽ കരാറിനോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവച്ച കരാറിൽ ഗാസയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളിൽ പകുതി പേരെ മോചിപ്പിക്കാനും, അതിനൊപ്പം ചില പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടുകൊടുക്കാനും, മനുഷ്യാവകാശ സഹായം വർധിപ്പിക്കാനും വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. തടവുകാരുടെ മോചനം രണ്ട് ഘട്ടങ്ങളിലായി നടക്കും.

ഈ നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചതായി സംഘടനയിലെ മുതിർന്ന നേതാവ് ബാസെം നയിം സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലിക വെടിനിർത്തൽ കഴിഞ്ഞതിന് ശേഷം ശാശ്വത യുദ്ധവിരാമത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് കരാറിൽ പറയുന്നത്.

അതേസമയം, കരാറിനോടുള്ള ഇസ്രയേലിന്റെ അന്തിമ പ്രതികരണത്തിനായി മധ്യസ്ഥർ കാത്തിരിക്കുകയാണ്. ഇസ്രയേലിനകത്ത് വെടിനിർത്തലിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും തുടരുന്നു.

2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62,000 കവിഞ്ഞതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 62,004 പേർ കൊല്ലപ്പെടുകയും 1,56,230 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Tag: Israeli Prime Minister Benjamin Netanyahu says Hamas is under intense pressure

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button