ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം; അഞ്ചുപദ്ധതികൾക്ക് പിന്തുണ
ഗാസ സിറ്റിയെ സൈനികമായി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിന് സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. ഗാസയ്ക്ക് മേൽ ഇസ്രയേല്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സുരക്ഷാ കാബിനറ്റ് യോഗത്തിന് മുമ്പ് അറിയിച്ചിരുന്നു. അതേസമയം, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന അഞ്ച് പ്രധാന പദ്ധതികള്‍ക്കും സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഹമാസിനെ നിരായുധീകരിക്കുക, ജീവനോടെയോ മരിച്ചവരായോ ഉള്ള എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുക, ഗാസയെ സൈനികമായി മുക്തമാക്കുക, ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നിയന്ത്രണം നിലനിർത്തുക, പലസ്തീനോ ഹമാസോ ഇല്ലാത്ത സിവില്‍ ഭരണകൂടം ഗാസയില്‍ സ്ഥാപിക്കുക, എന്നിവയാണ് പദ്ധതികൾ.
അതേസമയം, ഗാസ സിറ്റിയെ ഏറ്റെടുക്കാനുള്ള നീക്കത്തെ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് ശക്തമായി വിമർശിച്ചു. ഇതൊരു “ദുരന്തമായ തീരുമാനം” ആണെന്ന് ലാപിഡ് പറഞ്ഞു. കൂടുതൽ ബന്ധികളുടെയും സൈനികരുടെയും ജീവന് നഷ്ടപ്പെടാനും രാഷ്ട്രീയ അസ്ഥിരത വര്‍ദ്ധിക്കാനുമാണ് ഇത് നയിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി.
വലതുപക്ഷ തീവ്രവാദ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ബെസലേല്‍ സ്മോട്രിച്ച് എന്നിവരും നെതന്യാഹുവിന്റെ നടപടിയിൽ വിമർശനം രേഖപ്പെടുത്തി. “ഹമാസിന് ആഗ്രഹതിലേക്ക് തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി എത്തിപ്പെട്ടു” എന്നായിരുന്നു ഇവരുടെ വിമർശനം.
സുരക്ഷാ കാബിനറ്റിൽ അവതരിപ്പിച്ച ബദൽ പദ്ധതിയിലൂടെ ഹമാസിന്റെ പരാജയം അല്ലെങ്കിൽ ബന്ദികളുടെ മോചനം നേടാനാകില്ലെന്നാണ് ഭൂരിപക്ഷം മന്ത്രിമാരും അഭിപ്രായപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സുരക്ഷാ കാബിനറ്റിനുമുന്നിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയെ ഭരിക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നില്ലെന്നും, അവിടത്തെ ഭരണം അറബ് രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള ശക്തികൾ ഏറ്റെടുക്കുകയും ഗാസക്കാർക്ക് ഭീഷണികളില്ലാത്ത നല്ല ജീവിതം ഉറപ്പാക്കുകയും ചെയ്യണമെന്നും വ്യക്തമാക്കി. “അത് ഹമാസിന് കഴിയില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tag: Israel’s Security Cabinet approves Netanyahu’s move to take over Gaza City; supports five plans