Kerala NewsLatest NewsPoliticsUncategorized

മന്ത്രിമാരുൾപ്പെടെ പല പ്രമുഖർക്കും അവസരം നഷ്ടമാകും: മൂന്ന് വട്ടം തുടർച്ചയായി മത്സരിച്ചവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സിപിഐ

തിരുവനന്തപുരം: മൂന്ന് വട്ടം തുടർച്ചയായി മത്സരിച്ചവരെ വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് മൂന്നു ടേം നിബന്ധന കർശനമായി പാലിക്കാൻ തീരുമാനിച്ചത്. നിലവിൽ മന്ത്രിമാരുൾപ്പെടെ പല പ്രമുഖർക്കും അതിലൂടെ അവസരം നഷ്ടമാകും.

മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ എന്നിവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിക്കില്ല. മുൻമന്ത്രിമാരായ സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്കും പരസ്യമായി മത്സര സന്നദ്ധത അറിയിച്ച ഇ എസ് ബിജി മോൾക്കും നിരാശപ്പെടേണ്ടി വരും. വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് ടേം പിന്നിട്ട സിറ്റിംഗ് എംഎൽഎമാരിൽ ആർക്കെങ്കിലും ഇളവ് നൽകേണ്ടതുണ്ടോ എന്ന് ജില്ലാ കൗൺസിലുകൾക്ക് നിർദേശിക്കാം.

ജില്ലകളിൽ നിന്നുള്ള അഭിപ്രായം പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം ചേരുന്ന സംസ്ഥാന നിർവാഹക സമിതി അന്തിമ തീരുമാനമെടുക്കുക. തൃശൂരിൽ വി എസ് സുനിൽ കുമാറിനും ചടയമംഗലത്ത് മുല്ലക്കര രത്‌നാകരനും വീണ്ടും അവസരം നൽകണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. നെടുമങ്ങാട് വീണ്ടും ജനവിധി തേടാൻ തയാറാണെന്ന് സി ദിവാകരനും പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന കൗൺസിൽ യോഗം നിർവാഹക സമിതിയുടെ നിർദേശം ചർച്ച ചെയ്യുകയാണ്. സീറ്റ് വിഭജനം സംബന്ധിച്ച സിപിഐഎമ്മുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും കാനം രാജേന്ദ്രൻ കൗൺസിലിനെ അറിയിക്കും. ചില സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയാകാമെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറയാൻ പാടില്ലെന്നാണ് സിപിഐയുടെ നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button