Uncategorized

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ‘നൈസാർ’; വിക്ഷേപണം ഇന്ന് വെെകിട്ട്

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം ‘നൈസാർ’ (NASA-ISRO Synthetic Aperture Radar) ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16 (GSLV F-16) റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.

ഏകദേശം 13,000 കോടി രൂപ ചെലവഴിച്ചാണ് നൈസാർ നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ ഏറ്റവും ചെലവേറിയതെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഭൂമിയുടെ ഉപരിതലത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുന്നതാണ് പ്രധാന ദൗത്യം. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കാനാകുന്ന ശേഷി നൈസാറിനുണ്ട്.

നാസ വികസിപ്പിച്ച എൽ-ബാൻഡ് റഡാറും ഐ.എസ്.ആർ.ഒ വികസിപ്പിച്ച എസ്-ബാൻഡ് റഡാറും ഉൾക്കൊള്ളുന്ന ഇരട്ട ഫ്രീക്വൻസി സംവിധാനം നൈസാറിന്റെ പ്രത്യേകതയാണ്. 2,392 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും സ്ഥാപിക്കുക.

ഓരോ 12 ദിവസത്തിനിടെയിലും, പകലോ രാവോ വേർതിരിയാതെ, ഭൂമിയെ നിരീക്ഷിച്ച് ഉയർന്ന റെസല്യൂഷനിൽ ഡാറ്റ കൈമാറും. 12 വർഷക്കാലമായി ഐ.എസ്.ആർ.ഒയും നാസയും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് നൈസാർ.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പം, അഗ്നിപർവത സ്ഫോടനം, വനനശീകരണം, കാർഷിക മേഖലയിലെ മണ്ണിലെ ഈർപ്പവും വിളകളുടെ വളർച്ചയും ഉൾപ്പെടെ പ്രകൃതിയിലുണ്ടാകുന്ന വിവിധ മാറ്റങ്ങൾ കണ്ടെത്താനും നിരീക്ഷിക്കാനും നൈസാറിന് കഴിയും.

ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിൽ നൈസാർ വലിയ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യ-നാസ സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ദൗത്യം നിർണായകമാകും.

Tag: ISRO-NASA joint Earth observation satellite ‘Naisaar’ to be launched today

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button