TechtechnologyWorld

ഐഎസ്ആർഒ–നാസ സംയുക്ത പദ്ധതിയായ നിസാർ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയും അമേരിക്കയും സംയുക്തമായി വികസിപ്പിച്ച നിസാർ (NASA-ISRO Synthetic Aperture Radar) ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഭൂമിയുടെ ഉപരിതലത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ പോലും നിരീക്ഷിച്ച് ഡാറ്റ കൈമാറുന്നതാണ് നിസാറിന്റെ പ്രധാന ദൗത്യം.

ഐഎസ്ആർഒയും നാസയും ചേർന്ന് നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്. ഇന്ത്യയുടെ ജിഎസ്എൽവി-എഫ്16 റോക്കറ്റാണ് ഉപയോഗിച്ചത്. 743 കിലോമീറ്റർ ഉയരത്തിലുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെ ഉപഗ്രഹം ഭൂമിയെ ചുറ്റും. 12 ദിവസത്തെ ഇടവേളയിൽ ഭൂമിയിലെ എല്ലാ പ്രദേശങ്ങളുടെയും നിരീക്ഷണ ഡാറ്റ ശേഖരിക്കാനാകും.

നിസാറിന്റെ വികസനത്തിനായി 150 കോടി ഡോളർ (ഏകദേശം ₹13,000 കോടി) ചെലവഴിച്ചു. ഇതിൽ ₹788 കോടി ഇന്ത്യയാണ് മുടക്കിയത്. ഏറ്റവും വലിയ ഇൻഡോ-യുഎസ് ഉപഗ്രഹ ദൗത്യങ്ങളിൽ ഒന്നാണ് നിസാർ. ഭൂമിയുടെ ത്രിമാന ദൃശ്യങ്ങൾ ഉയർന്ന റെസല്യൂഷനിൽ നൽകുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് ഇത്.

നിസാർ മണ്ണിടിച്ചിൽ, ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ മുന്നറിയിപ്പുകൾ നൽകുന്ന സൂചനകൾ ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കും. കരയും സമുദ്രവും കാലക്രമേണ എങ്ങനെ മാറുന്നു എന്നതിന്റെ വിശദമായ രേഖകൾ നൽകുന്നതിലൂടെ കാലാവസ്ഥാ ഗവേഷണത്തിലും വലിയ മാറ്റം വരുത്തും.

നാസ എൽ-ബാൻഡ് സിന്തറ്റിക് അപർചർ റഡാർ, ഹൈ-റേറ്റ് ടെലികമ്മ്യൂണിക്കേഷൻ സബ്സിസ്റ്റം, ജിപിഎസ് റിസീവറുകൾ, 12 മീറ്റർ ആന്റിന എന്നിവ നൽകി. ഐഎസ്ആർഒ എസ്-ബാൻഡ് എസ്എആർ പേലോഡ്, ബഹിരാകാശ പേടകം, ജിഎസ്എൽവി റോക്കറ്റ് എന്നിവ ഒരുക്കി. ഉപഗ്രഹം മൈക്രോവേവ് സിഗ്നലുകൾ ഭൂമിയിലേക്ക് അയച്ചു റഡാർ ആന്റിന വഴി പ്രതിഫലനം ശേഖരിക്കും.

ദൗത്യകാലയളവിൽ പ്രതിദിനം ഏകദേശം 80 ടെറാബൈറ്റ് ഡാറ്റ ശേഖരിക്കും. ഈ ഡാറ്റ ക്ലൗഡ് മുഖേന പ്രോസസ്സ് ചെയ്ത് സംഭരിച്ച് വിതരണം ചെയ്യും.

“ഭൂമിയിലെ ഏതാനും മില്ലിമീറ്ററുകളുടെ ചലനവും നിസാർ നിരീക്ഷിക്കും. ഇത്രയും സൂക്ഷ്മതയും ആവൃത്തിയും മറ്റേതെങ്കിലും ഭൗമ-നിരീക്ഷണ ദൗത്യത്തിനും ഇല്ല,”– നാസയിലെ നിസാർ പ്രോഗ്രാം സയന്റിസ്റ്റ് ജെറാൾഡ് ബൗഡൻ പറഞ്ഞു.

Tag: ISRO-NASA joint project Nisar successfully launched

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button