മോഷണ പരമ്പര പ്രതി പോലീസ് വലയില്‍
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം നിരവധി സ്വര്‍ണ്ണ മാലകള്‍ പൊട്ടിച്ച് മോഷണ പരമ്പര തന്നെ നടത്തിയ പ്രതി ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പോലീസ് വലയില്‍. കൊണ്ടൊട്ടിയില്‍ കലാമ്പ്രം എക്കാംപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന നൗഷാദാണ് പോലീസ് പിടിയിലായത്.
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ നേതൃത്വം നല്‍കുന്ന കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും മെഡിക്കല്‍ കോളേജ് പൊലീസിന്റെയും സംയോജ്ജിത നീക്കത്തിലാണ് പ്രതിയെ കീഴടക്കിയത്. കൊവിഡ് കാലഘട്ടത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി സ്‌നാച്ചിങ്ങ് കേസുകള്‍ കൂടുതലും ശ്രദ്ധിക്കാന്‍ തുടങ്ങി. ഇതിനായി വിവധി സിസിടിവി കാമറ ദൃശ്യങ്ങള്‍ ക്രൈം സ്‌ക്വാഡ് പരിശോധിക്കുന്നതിനിടയില്‍ 2017 മുതല്‍ വ്യക്തമായ ഇടവേളകളില്‍ ബൈക്കിലെത്തി ഒരാള്‍ പിടിച്ചുപടി നടത്തുന്നതായി സ്‌ക്വാഡിന് മനസ്സിലായി.
സാമാന്യം തടിയുള്ള മധ്യവയസ്‌കനായ ഇയാളെ കുറിച്ച് സമാനമായ രീതിയില്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സമീപ ജില്ലകളിലുള്ളവരുടെ പേരുവിവരങ്ങളെടുത്ത് പരിശോധിക്കുകയും രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. എന്നാല്‍ കൃത്യമായ വിവരം ലഭിച്ചില്ല. തുടര്‍ന്ന് സമീപകാലങ്ങളിലായി ഇയാള്‍ നടത്തിയ മാലപൊട്ടിക്കലില്‍ ഇരയായവരെ നേരില്‍ കണ്ട് വിവരം ശേഖരിക്കാന്‍ തുടങ്ങി.
ഇത്തരം ചോദ്യം ചെയ്യലിലാണ് തടിയനായ ചുവന്ന കണ്ണുകളോട് കൂടിയ ഒരാളാണ് മാല പൊട്ടിച്ചെതുന്നും കുറച്ച് ദൂരം മുന്നോട്ട് പോയി ഓടുന്ന ബൈക്കില്‍ നിന്നും അയാള്‍ തിരിഞ്ഞു നോക്കാറുണ്ട് എന്ന രീതിയിലുള്ള പ്രതികരണം ഇരകളില്‍ നിന്നും കിട്ടി. പിന്നീട് അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നും വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഇയാള്‍ കൃത്യം നടത്താറുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
മോഷണം നടത്തി ഇയാള്‍ പോകാറുള്ള ഏകദേശ വഴിയും അന്വേഷണ സംഘം മനസ്സിലാക്കി. തുടര്‍ന്ന് ഈ അന്വേഷണവും വാഹന പരിശോധനയും പോലീസ് ശക്തമാക്കി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മായനാട് കളരി ബസ്സ് സ്റ്റോപ്പിനു സമീപത്തെ വാഹന പരിശോധനയില്‍ ഇയാള്‍ പൊലീസിന്റെ കെണിയിലായത്.
കുടുംബ പ്രാരാബ്ധവും വര്‍ദ്ധിച്ചു വന്ന കടവുമാണ് മാല പിടിച്ചുപറിയിലേക്ക് വരാന്‍ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലാ എന്നത് ഇയാള്‍ക്ക് ആത്മവിശ്യാസം നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. കേസില്‍ വ്യക്തമായ രേഖകള്‍ ഇല്ലാതെ സ്വര്‍ണ്ണവും മറ്റും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്‍ പറഞ്ഞു.