തലസ്ഥാനത്ത് വീണ്ടും ലഹരി വേട്ട.

തിരുവനന്തപുരം ∙ തലസ്ഥാന നഗരിയിൽ വീണ്ടും വൻ ലഹരി വേട്ട നടന്നു. 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷിഷ് ഓയിലുമാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിൽ പിടികൂടിയത്. രാജ്യാന്തര വിപണിയിൽ ഇതിനു 4 കോടി വിലമതിക്കും. ആറ്റിങ്ങൽ നഗരൂർ റോഡിൽ വെള്ളംകൊള്ളിയിൽ വെച്ചാണ് ലഹരിവസ്തുക്കളുമായെത്തിയ നാലംഗ സംഘത്തെ പിടികൂടുന്നത്. നഗരൂർ സ്വദേശികളായ
റിയാസ്, ജസീം, തൃശൂർ പാവറട്ടി സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ലഹരി കടത്തിക്കൊണ്ടു വന്ന വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആന്ധ്രയിൽ നിന്നാണ് ഇവർ കഞ്ചാവും ഹഷിഷ് ഓയിലും വാങ്ങിയത്. റോഡ് മാർഗം കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെനിന്നും കോഴികളെ കൊണ്ടുവരുന്നെന്ന വ്യാജേന ദേശീയപാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണ കുമാർ, ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മഹേഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫിസർമാരായ ഹരികുമാർ, അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ വിശാഖ്, രാജേഷ്, ഷംനാദ്, സുധീഷ്, ശ്രീലാൽ, ജിതീഷ്, രതീഷ് മോഹൻ, അഭിജിത്, ഡ്രൈവർ സുനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.