ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന് മുൻകൂർ ജാമ്യം
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന് ഹൈക്കോടതി താൽക്കാലിക ആശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അറസ്റ്റ് തടയുന്നതിനുള്ള നിർദേശം നൽകി. അപേക്ഷ ഓണം അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.
എറണാകുളം വെലോസിറ്റി ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ബാറിൽ യുവാവിനും ലക്ഷ്മി മേനോന്റെ സുഹൃത്തുക്കൾക്കുമിടയിൽ തർക്കം ഉണ്ടാവുകയും, തുടർന്ന് പുറത്തേക്ക് പോയ യുവാവിനെ കാറിൽ തടഞ്ഞു പിടിച്ച് ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി എന്നതാണ് പരാതിയുടെ ഉള്ളടക്കം. കാറിനുള്ളിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചതായും ആരോപണമുണ്ട്.
നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മിഥുൻ, സോനമോൾ, അനീഷ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മി മേനോനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കണ്ടെത്തിയത്. ഇതോടെ കേസിൽ മൂന്നാം പ്രതിയായി അവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, പൊലീസ് തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. ഇവർ ഒളിവിലാണെന്നതാണ് പ്രാഥമിക നിഗമനം.
Tag: IT employee kidnapping case: Actress Lakshmi Menon granted anticipatory bail