ശബരിമലയില്‍ മുന്നൊരുക്കങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലെന്ന് ആരോപണം
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ എവിടെയുമെത്താതെ ഇഴയുന്നു. സീസണ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയെങ്കിലും പ്രവര്‍ത്തികള്‍ എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഭക്തര്‍ എത്തുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍.
അവിചാരിതമായി പെയ്ത കനത്ത മഴയില്‍ റോഡുകളെല്ലാം കേടായിട്ടുണ്ട്. റോഡുകള്‍ എത്രയും വേഗം ഗതാഗതസജ്ജമാക്കിയില്ലെങ്കില് വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടാവുക. റോഡുകളുടെ നിര്‍മാണം വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. യോഗം ചേരലുകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പണികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ്. ദേവസ്വം ബോര്‍ഡ് സന്നിധാനത്തെയും പമ്പയിലെയും കടകളുടെ ലേലം നടത്താന്‍ ശ്രമിച്ചത് പരാജയപ്പെട്ടിരിക്കുകയാണ്.
യുവതി പ്രവേശനത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു ശേഷം കടകള്‍ ലേലം കൊള്ളാന്‍ ആളുകള്‍ വളരെ കുറവാണ്. ഇത് ദേവസ്വത്തിന് വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാത്രമല്ല കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ ഭക്തര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രസാദ നിര്‍മാണത്തിന് കരുതിയിരുന്ന ലക്ഷക്കണക്കിന് ടണ്‍ ശര്‍ക്കര കേടായിപ്പോയി. ഇത് ദേവസ്വം ബോര്‍ഡിന് വന്‍ നഷ്ടമാണ് വരുത്തിവയ്ക്കുക. ഇതിനിടെ വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച് ഹൈക്കോടതി വിധി വരാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വെര്‍ച്വല്‍ ക്യൂ നടപ്പിലാക്കിയത് നിയമവിരുദ്ധമാണ് എന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വര്‍ഷം ദര്‍ശനത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തിയിരിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇത് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് വന്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി മാത്രമാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടാവുകയെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ തീര്‍ഥാടനം പൂര്‍ണമായി നടത്താന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഭക്തര്‍ രംഗത്തെത്തിയിട്ടുള്ളതും വന്‍ തലവേദനയാകും.