“ഇപ്പോൾ നാട്ടിൽ നടക്കുന്ന ഉദ്ഘാടനങ്ങൾക്കായി തുണിയുടുക്കാത്ത താരങ്ങളെ ക്ഷണിക്കുന്നതാണ് പതിവ്”; സിപിഐഎം എംഎൽഎ യു. പ്രതിഭ

വിവാദ പ്രസ്താവനയുമായി സിപിഐഎം എംഎൽഎ യു. പ്രതിഭ. “ഇപ്പോൾ നാട്ടിൽ നടക്കുന്ന ഉദ്ഘാടനങ്ങൾക്കായി തുണിയുടുക്കാത്ത താരങ്ങളെ ക്ഷണിക്കുന്നതാണ് പതിവ്. അവർ എത്തിയാൽ എല്ലാവരും ഇടിച്ചു കയറുകയാണ് ചെയ്യുന്നത്. അത് നിർത്തണം, അവർക്ക് തുണിയുടുത്ത് വരാൻ പറയണം,” എന്ന് യു. പ്രതിഭ പറഞ്ഞു. “ഇത് സദാചാര പ്രസംഗമാണെന്ന് പറഞ്ഞ് എന്റെ നേരെ വരേണ്ടതില്ല,” എന്നും അവർ കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന ഒരു സാംസ്കാരിക പരിപാടിയിലായിരുന്നു ഈ പ്രസ്താവന.
“മാന്യമായി വസ്ത്രം ധരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ തുണിയുടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള ദേശമാണ് നാം ജീവിക്കുന്നത്,” എന്നും പ്രതിഭ വ്യക്തമാക്കി.
മോഹൻലാലിന്റെ ടെലിവിഷൻ പരിപാടിയെയും യു. പ്രതിഭ വിമർശിച്ചു. “മോഹൻലാൽ അവതരിപ്പിക്കുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയിൽ മറ്റുള്ളവർ ഉറങ്ങുന്നത് രഹസ്യമായി കാണിക്കുകയും, അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്യുന്നതാണ് നടക്കുന്നത്. അനശ്വര നടനാണ് ഇതെല്ലാം ചെയ്യുന്നത്,” എന്നും അവർ ആരോപിച്ചു.
“ജനാധിപത്യത്തിൽ ആവശ്യമുള്ളത് താരരാജാക്കന്മാരല്ല, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന യഥാർത്ഥ മനുഷ്യരാണ്. ധൈര്യത്തോടെ അത് പറയാൻ നമുക്ക് തയ്യാറാകണം,” എന്നായിരുന്നു യു. പ്രതിഭയുടെ പ്രസ്താവന.
Tag: it is customary to invite celebrities who are not wearing clothes for inaugurations held in the country”; CPM MLA U. Pratibha