Kerala NewsLatest NewsLaw,NationalNews

മരം മുറി ഉത്തരവ് മരവിപ്പിച്ചതില്‍ വ്യക്തയില്ല; സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു

തിരുവനന്തപുരം: തന്റെ കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോയാലും ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ വിഷയത്തിലും മാറ്റമില്ലാതെ തുടരുന്നു. ബേബി ഡാമിലെ മരം വെട്ടാന്‍ അനുമതി കൊടുത്ത സംഭവത്തില്‍ തനിക്കൊന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നല്‍ ആഭ്യന്തര വകുപ്പിന്റെ അഡീഷല്‍ ചീഫ് സെക്രട്ടറി കൂടിയായ ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ആണ് ഇക്കാര്യം കൈകാര്യം ചെയ്തത്. ഇപ്പോള്‍ വീണ്ടും വിവാദമായിരിക്കുന്നത് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തതയാണ്.

ഉത്തരവ് മരവിപ്പിച്ചുവെന്ന് വ്യക്തമാക്കാതെ മരംമുറിക്കാന്‍ നല്‍കിയ മുന്‍ അനുമതി മാറ്റിവയ്ക്കുന്നു എന്നു മാത്രമാണ് ഉത്തരവില്‍ പരാമര്‍ശമുള്ളത്. കേന്ദ്ര അനുമതി ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് മാറ്റിവെക്കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ബേബി ഡാമിന്റെ സമീപത്തെ 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടുകൊണ്ട് നവംബര്‍ മാസം അഞ്ചിനാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിറക്കിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് ഈ ഉത്തരവ് മരവിപ്പിക്കുമെന്നായിരുന്നു ഞായറാഴ്ച സര്‍ക്കാര്‍ പ്രഖ്യാപനം.

തിങ്കളാഴ്ച ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി മരവിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല. മരവിപ്പിക്കുന്നുവെന്നതിനു പകരം ഈ ഉത്തരവ് താത്കാലികമായി മാറ്റിവയ്ക്കുന്നുവെന്ന് മാത്രമാണ് ഉത്തരവിലുള്ളത്. വനം വന്യജീവി വകുപ്പിന്റെ അഡീഷണല്‍ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയാണ് ഉത്തരവ് താത്കാലികമായി മാറ്റിവയ്ക്കുന്നുവെന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

പെരിയാര്‍ ടൈഗര്‍ റിസര്‍വിലുള്‍പ്പെട്ട സ്ഥലത്താണ് ബേബി ഡാമുള്ളത്. അവിടത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും ടൈഗര്‍ റിസര്‍വിന്റെയും അനുമതി വേണം. മരം മുറിക്കാന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് നേരത്തെ ഇറങ്ങിയ ഉത്തരവില്‍ വ്യക്തതയില്ല. അതിനാല്‍ ഉത്തരവ് മാറ്റിവയ്ക്കുന്നുവെന്നാണ് ഇപ്പോള്‍ ഇറങ്ങിയ ഉത്തരവില്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിനരികിലെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവാണ് വിവാദത്തിന് തിരികൊളുത്തിയത്. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ജലവിഭവ വകുപ്പും ഉത്തരവ് തന്റെ അറിവോടെയല്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനും ഇത് സംബന്ധിച്ച് അറിവില്ലെന്നായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രതികരണം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി ശശീന്ദ്രന്‍ റിപ്പോര്‍ട്ടുതേടി. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നാണ് അവര്‍ അറിയിച്ചത്. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി മന്ത്രി ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചു. എന്നാല്‍, സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്ന ഉദ്യോഗസ്ഥവാദം മുഖ്യമന്ത്രി ഉന്നയിച്ചു. നിയമപരമായ പരിശോധന നടത്താതെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്നാലെ ഉത്തരവ് മരവിപ്പിക്കുമെന്ന് വനംമന്ത്രി വ്യക്തമാക്കി. ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലാണ് ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സ്വീകരിച്ച നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ നടപടികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button