കെഎസ്ആര്‍ടിസി പണിമുടക്ക് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് അഭ്യൂഹം
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന തൊഴിലാളി സമരം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന അഭ്യൂഹം ശക്തമാകുന്നു. വരുമാനമില്ലാത്ത സ്ഥാപനത്തില്‍ ശമ്പള വര്‍ധനവ് തേടിയുള്ള സമരം നടത്തുന്നവര്‍ക്ക് ഡെയ്‌സ് നോണ്‍ ബാധകമാക്കുമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം മന്ത്രി ഇടപെട്ട് റദ്ദാക്കി. ഈ പണിമുടക്കിലൂടെ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടൊഴിച്ചാല്‍ സര്‍ക്കാരിനോ ജീവനക്കാര്‍ക്കോ യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല.
മന്ത്രി ഇടപെട്ട് ഡെയ്‌സ്‌നോണ്‍ റദ്ദാക്കിയത് സമരത്തിന്റെ ഒത്തുകളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിഐടിയുക്കാര്‍ക്ക് ശമ്പള നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ ഇടപെടല്‍. കെഎസ്ആര്‍ടിസിയില്‍ സിഐടിയു യൂണിയനെ പിണക്കിയാല്‍ പണി കിട്ടുമെന്ന തിരിച്ചറിവ് ഗതാഗത മന്ത്രിക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ഡെയസ്നോണ്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുന്നത്. സമരത്തെ നേരിടാന്‍ ഇറക്കിയ ഡയസ്നോണ്‍ ഉത്തരവ് മാനേജ്മെന്റിന്റേതാണെന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
അതായത് പണിമുടക്കിയവര്‍ക്ക് രണ്ടു ദിവസവും ശമ്പളം കിട്ടും. ഇതോടെ ആരെന്തു ചെയ്താലും കെഎസ്ആര്‍ടിസിക്ക് മാത്രമാകും നഷ്ടമെന്നും വ്യക്തമാവുകയാണ്. ജീവനക്കാരുടെ പണിമുടക്കില്‍ രണ്ടാം ദിനവും യാത്രക്കാര്‍ വലഞ്ഞു. സിഐടിയുവും ബിഎംഎസും പിന്മാറിയിട്ടും ഇന്നലെ ഏഴ് ശതമാനം സര്‍വീസുകള്‍ (268 സര്‍വീസുകള്‍) മാത്രമാണ് ഓടിയത്. ഇതോടെ ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസിയെ സതംഭിപ്പിക്കാമെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്.
ശരാശരി 3600 സര്‍വീസുകളുള്ള കെഎസ്ആര്‍ടിസിക്ക് ഇന്നലെ നിരത്തിലിറക്കാനായത് 268 ബസുകള്‍ മാത്രമാണ്. രണ്ടു ദിവസത്തെ പണിമുടക്ക് മൂലം കെഎസ്ആര്‍ടിസിക്ക് ഒമ്പതു കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നാണു കണക്ക്. ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 150 കോടിയോളം രൂപ കെഎസ്ആര്‍ടിസിക്കായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ശമ്പള പരിഷ്‌കരണം പ്രതിമാസം 30 കോടിയോളം അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതു താക്കീതാണെന്നും 2016ല്‍ കാലാവധി അവസാനിച്ച ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്നുമാണു തൊഴിലാളി യൂണിയനുകളുടെ മുന്നറിയിപ്പ്. തുടര്‍ ചര്‍ച്ചകള്‍ ഇനി എന്നു നടക്കുമെന്നതില്‍ വ്യക്തതയില്ല.