Editor's ChoiceKerala NewsLatest NewsNewsPolitics

ജോസിനെ സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി തന്നെയാണ് കെ.എം മാണിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചത്, രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജോസിനെ സ്വാഗതം ചെയ്‌ത മുഖ്യമന്ത്രി തന്നെയാണ് കെ.എം മാണിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണ്. എല്ലാ രാഷ്ട്രീയ മര്യാദകളും ജോസ് കെ മാണി ലംഘിച്ചു. മാണിയുടെ ആത്മാവിനെ വ‌ഞ്ചിച്ചിട്ടാണ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് പോയത്. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലല്ല. കെ.എം മാണിക്ക് രാഷ്ട്രീയ പ്രതിരോധം തീർത്തത് കേരളത്തിലെ യു.ഡി.എഫായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ നെഞ്ച് കൊടുത്താണ് കെ.എം മാണിയെ സംരക്ഷിച്ചത്. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകൾ കൊണ്ടാണ് പാലായിൽ തോറ്റത്. ജോസ് കെ മാണിയുടെ നിലപാടുകൾ എന്നും വിവേകമില്ലാത്തതായിരുന്നു. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ജോസ് കെ മാണി പറഞ്ഞ രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ കോട്ടയം എം.പി തോമസ് ചാഴിക്കാടനും മറ്റ് രണ്ട് എം.എൽ.എമാരായ റോഷിയും ജയരാജനും രാജിവയ്‌ക്കണം. രാജ്യസഭ സീറ്റിൽ ധാർമ്മികത പറയുകയും മറ്റിടങ്ങളിൽ ധാർമ്മികതയില്ലെന്ന് പറയുകയും ചെയ്യുന്നത് എല്ലാവർക്കും മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

കെ.എം മാണിക്കെതിരെ കളളപ്രചാരണം നടത്തിയവരോടാണ് ജോസ് രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കാൻ ശ്രമിക്കുന്നത്. മാണിയെ നിയമസഭയിൽ അപമാനിച്ചത് ഇടതുമുന്നണിയായിരുന്നു. മാണി ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കാൻ ഇടതുമുന്നണി കാട്ടി കൂട്ടിയതെല്ലാം ജനാധിപത്യ ചരിത്രത്തിലെ തരംതാഴ്ന്ന നടപടികാലായിരുന്നു. എൽ.ഡി.എഫിന്റെ കാപട്യം ഇവിടെ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. ജോസ് വിഭാഗത്തിന്റേയും എൽ.ഡി.എഫിന്റേയും രാഷ്ട്രീയ പാപരത്തമാണിത്. ഈ കാപട്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല പറയുകയുണ്ടായി.

കേരളത്തിലെ യു.ഡി.എഫിന്റെ സ്ഥാപക നേതാക്കന്മാരിൽ ഒരാളെ പോലെയായിരുന്നു കെ.എം മാണി. യു.ഡി.എഫിന്റെ ഭാഗമായി തുടരാനാണ് കെ.എം മാണി എന്നും ആഗ്രഹിച്ചിരുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.എം മാണി യു.ഡി.എഫിലേക്ക് തിരിച്ച് വന്നിരുന്നു. കേരള കോൺഗ്രസിലുണ്ടായ പ്രശ്‌നങ്ങൾ, പരിഹരിക്കാൻ യു.ഡി.എഫ് പരിശ്രമിച്ചിരുന്നു. യു.ഡി.എഫ് മുൻകൈയ്യെടുത്താണ് കുഞ്ഞാലിക്കുട്ടിയെ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയിരുന്നത്. യോജിപ്പിക്കാനുളള ശ്രമങ്ങൾ വിജയിച്ചില്ല. ഒരു നിവൃത്തിയും ഇല്ലെന്ന് കണ്ടപ്പോഴാണ് ധാരണയുണ്ടാക്കിയത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിയാനോ ജോസഫിന് നൽകാനോ തയ്യാറാകാതെ,മുന്നണി നേതൃത്വത്തെ അപമാനിക്കുകയായിരുന്നു. രമേശ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button