CovidLatest NewsWorld

കൊറോണയെ നിസ്സാരമായി കണ്ട ടാൻസാനിയൻ പ്രസിഡന്റ് കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

ഡോടോമ: കൊറോണ നിസാരമായി കണ്ട ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുളി കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ ചികിത്സ യിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാസ്ക് ധരിക്കൽ പോലുള്ള പ്രതിരോധ പ്രവർത്തനങ്ങളെ അദ്ദേഹം പുച്ഛിക്കുകയും ചെയ്തിരുന്നു.

ടാൻസാനിയൻ പ്രതിപക്ഷ നേതാവ് ടുണ്ടു ലിസ്സുവാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. കെനിയയിലെ നയ്റോബിയിൽ ചികിത്സയിലായിരുന്ന പ്രസിഡന്റിനെ അബോധാവസ്ഥയിലായതിനെത്തുടർന്ന് ഇന്ത്യയിലേക്ക് മാറ്റിയതായി വിവരം കിട്ടിയതായാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ടാൻസാനിയയും ഇന്ത്യയും പ്രതികരിച്ചിട്ടില്ല.

‘ബുൾഡോസർ’ എന്ന് അറിയപ്പെടുന്ന മഗുഫുളിയെ അവസാനമായി പൊതുവേദിയിൽ കണ്ടത് ഫെബ്രുവരി 27 നാണ്. ഒരു പ്രമുഖ ആഫ്രിക്കൻ നേതാവ് നയ്റോബിയിൽ ചികിത്സയിലാണെന്നും വെന്റിലേറ്ററിലാണെന്നും ചില രാഷ്ട്രീയ,നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് കെനിയൻ ദേശീയ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണവൈറസ് തുടക്കം മുതൽ തന്നെ നിസാരമായി കണ്ട നേതാവാണ് മഗുഫുളി. പ്രാർഥനയും ആവിപിടിക്കൽ പോലുള്ള മാർഗങ്ങളും കൊണ്ട് ടാൻസാനിയക്കാർക്ക് കൊറോണയെ അതിജീവിക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊറോണ പരിശോധനകളെ പരിഹസിച്ച അദ്ദേഹം ആഫ്രിക്കയുടെ സമ്പത്ത് കൊള്ളയടിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ഗൂഢാലോചനയാണ് വാക്സിനുകളെന്നും ആരോപിച്ചിരുന്നു. മാസ്ക് ധാരണത്തേയും അകലം പാലിക്കലിനേയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

കഴിഞ്ഞ മെയ് മാസം മുതൽ കൊറോണ ഡേറ്റകൾ പരസ്യപ്പെടുത്തുന്നതും ടാൻസാനിയ നിർത്തിവെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button