Latest News

മന്ത്രിമാരുടെയും ആര്‍എസ്എസ് നേതാക്കളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാരുടേയും കേന്ദ്രമന്ത്രിമാരുടേയും ആര്‍എസ്എസ് നേതാക്കന്‍മാരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019 ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ ആണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തല്‍.

വിവരാവകാശ പ്രവര്‍ത്തകരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞു കയറിയതായി വാട്സാപ്പ്് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ കാലയളവില്‍ തന്നെ വിവിധ രാജ്യങ്ങളിലായി 1,400 പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.

പ്രതിപക്ഷ നിരയിലെ നിരവധി പേരുടെ ഫോണുകള്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയനും ആരോപിച്ചു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹം രംഗത്ത് വന്നത്്. ലോക്‌സഭാ എംപി കാര്‍ത്തി ചിദംബരം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഷീല ഭട്ട് എന്നിവരും ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button