ഈ സാഹചര്യത്തിൽ ഇനി സർക്കാരിൽനിന്ന് എന്തെങ്കിലും സഭ പ്രതീക്ഷിക്കുന്നില്ല; 50 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം യാകോബായ സഭ അവസാനിപ്പിച്ചു

തിരുവനന്തപുരം: 50 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം യാകോബായ സഭ അവസാനിപ്പിച്ചു. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികൾ പള്ളികളിൽ വിശ്വാസികൾക്കു മേൽ ഉണ്ടായിയെന്ന് സഭ ആരോപിച്ചു. നിയമ നിർമാണം നടത്താൻ ഉള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിറകോട്ടു പോയി.
യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനു കരട് ബിൽ വരെ തയാറാക്കിയ ശേഷം നിയമ നിർമാണത്തിൽനിന്നു സർക്കാർ പിന്മാറിയതിൽ സഭയ്ക്കു ശക്തമായ പ്രതിഷേധവും നിരാശയും വേദനയും ഉണ്ടെന്നു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്. ചൊവ്വാഴ്ച പ്രത്യേക സുനഹദോസ് ചേരും. രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും തീരുമാനമായതായി സഭാ വൃത്തങ്ങൾ അറിയിച്ചു.
തികച്ചും നിർഭാഗ്യകരമായ ഈ സാഹചര്യത്തിൽ ഇനി സർക്കാരിൽനിന്ന് എന്തെങ്കിലും സഭ പ്രതീക്ഷിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്ന സമര പരിപാടികൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അരമനകളിൽ രാഷ്ട്രീയക്കാരെയും സ്ഥാനാർഥികളെയും പ്രവേശിപ്പിക്കില്ല. സഭ ചിലരുടെ വോട്ടുബാങ്കാണെന്ന തോന്നൽ അവസാനിപ്പിക്കും. സർക്കാരിനെതിരെയും യാക്കോബായ സഭാനേതൃത്വം രൂക്ഷവിമർശനം ഉന്നയിച്ചു.
വരും നാളുകളിൽ ചില രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടി വന്നേക്കും. ചർച്ചയ്ക്കു വിളിക്കാൻ പോലും സർക്കാർ തയാറായില്ലെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. വിശ്വാസികളുടെ മനസ്സിൽ മുറിവുണ്ടായി. സർക്കാരിൽ ഇനി വിശ്വാസമില്ല. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.