യാക്കോബായ, ഓര്‍ത്തഡോക്സ് തർക്കം മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം.

യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിൽ വിജയം കണ്ടില്ല. ഇരുസഭകളും തങ്ങളുടെ നിലപാടിലുറച്ചു നിന്നതോടെ തുടര്‍ ചര്‍ച്ചകളെക്കുറിച്ച് പത്തുദിവസത്തിനകം അറിയിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കുന്നതാണ് പരിഹാരമാര്‍ഗമെന്ന് ഓര്‍ത്തഡോക്സ് സഭ പറഞ്ഞു. 1934 ലെ ഭരണഘടന അംഗീകരിക്കണം. എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം. രാവിലെ യാക്കോബായ പ്രതിനിധികളുമായിട്ടാണ് ആദ്യം ചര്‍ച്ച നടത്തിയത്. തര്‍ക്കമുള്ള പള്ളികളില്‍ ജനാഭിപ്രായം അറിയാന്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് യാക്കോബായ സഭ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചത്.
സുപ്രീം കോടതി വിധിക്കുള്ളില്‍ നിന്ന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. നിയമനിര്‍മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ചര്‍ച്ചക്ക് ശേഷം സഭാ പ്രതിനിധികള്‍ പറയുകയുണ്ടായി.പിറവം പള്ളിതർക്കത്തിൽ വിശ്വാസികൾക്കിടയിൽ പുനഃപരിശോധന നടത്തി പരിഹാരം കണ്ടെത്തണമെന്ന ആവശ്യമാണ് യാക്കോബായ സഭ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സഭ ഈ നിലപാട് ആവര്‍ത്തിച്ച് ഉന്നയിച്ചത്.
വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് ആണ് യാക്കോബായ സഭ ക്കുള്ളത്. നിലവിൽ തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ ഇടവകാംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് സഭ പ്രതിനിധികള്‍ ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പള്ളികൾ ഏറ്റെടുക്കാനുളള നടപടി തുടര്‍ച്ചയായി സംഘര്‍ഷങ്ങളില്‍ കലാശിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഇക്കാര്യത്തിൽ ഉണ്ടായത്.
ശവസംസ്‌കാരം അതാത് പള്ളികളിൽ തന്നെ നടത്താൻ അനുവാദം നൽകുന്ന ഓർഡിനൻസ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നതാണ്. അതേസമയം, കോടതി വിധി മറികടക്കാന്‍ സമാന നിയമനിർമ്മാണങ്ങൾ സർക്കാർ പരിഗണിക്കണമെന്ന ആവശ്യം യാക്കോബായ സഭ മുന്നോട്ട് വയ്ക്കുമ്പോൾ, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടില്‍ ഓര്‍ത്തഡോക്സ് സഭ ഉറച്ചു നില്‍ക്കുകയാണ്.