പ്രിയങ്ക ചോപ്രയുടെ പഴയ വീട്ടിലെ പുതിയ താമസക്കാരി ജാക്വിലിൻ ഫെർണാണ്ടസ്; വില കേട്ടാൽ ഞെട്ടും

അടുത്തിടെയാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ് മുംബൈ ജുഹുവിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആരാധകരെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിച്ച വാർത്തയായിരുന്നു ഇത്. എന്താണ് ജാക്വിലിന്റെ വീടിന്റെ പ്രത്യേകതയെന്നല്ലേ?
പ്രിയങ്ക ചോപ്ര മുൻപ് താമസിച്ച വീട്ടിലേക്കാണ് ജാക്വിലിൻ താമസം മാറിയിരിക്കുന്നത് എന്നതാണ് ആരാധകർക്ക് ഏറ്റവും ആകർഷകമായി തോന്നിയത്. ബാന്ദ്രയിലെ വീട്ടിൽ വർഷങ്ങളോളം പ്രിയങ്ക താമസിച്ചിരുന്നു.
നിക്കുമായുള്ള വിവാഹത്തിന് പിന്നാലെയാണ് പ്രിയങ്ക ചോപ്ര ഈ വീട്ടിൽ നിന്നും താമസം മാറിയത്. ഈ വീട്ടിലേക്കാണ് പുതിയ താമസക്കാരി എത്തിയിരിക്കുന്നത്. പിങ്ക് വില്ലയുടെ റിപ്പോർട്ട് അനുസരിച്ച് അടുത്തിടെയാണ് ജാക്വിലിൻ പുതിയ വീട്ടിലെത്തിയത്.
ജുഹുവിലെ കർമയോഗ് എന്ന ബ്വിൽഡിങ്ങിലാണ് വീട്. ഏഴ് കോടിയാണ് വീടിന്റെ വില എന്നാണ് സൂചന. നിക്കുമായുള്ള വിവാഹത്തിന് ശേഷം 2019 ൽ 20 മില്യൺ ഡോളർ മുടക്കി സാൻഫ്രാൻസിസ്കോയിൽ ഇരുവരും ചേർന്ന് ബംഗ്ലാവ് വാങ്ങിയിരുന്നു.
അഞ്ച് കിടപ്പുമുറികളാണ് ജാക്വിലിന‍്റെ വീട്ടിലുള്ളതെന്നാണ് റിപ്പോർട്ട്. പ്രിയങ്കയുടെ വിവാഹത്തിന് ശേഷം ഈ വീട്ടിൽ നടിയുടെ അമ്മയും സഹോദരനുമായിരുന്നു ഏറെ നാൾ താമസിച്ചത്. ഇവർ പുതിയ വീട്ടിലേക്ക് താമസം മാറ്റിയതോടെയാണ് ജാക്വിലിൻ വീട് സ്വന്തമാക്കിയത്.
ബോളിവുഡിൽ ജാക്വിലിനുമായി അടുപ്പത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിക്കുന്ന നടൻ സിദ്ധാർത്ഥ് മൽഹോത്രയാണ് നടിക്ക് പുതിയ വീട് കണ്ടെത്തിയത് എന്നും വാർത്തയുണ്ട്.
ബോളിവുഡിൽ സജീവമായതോടെയാണ് മുംബൈയിൽ സ്വന്തമായൊരു വീട് എന്ന തീരുമാനത്തിൽ ജാക്വിലിൻ എത്തുന്നത്. ശ്രീലങ്കക്കാരിയായ ജാക്വിലിൻ നേരത്തേ വാർത്താ അവതാര കൂടിയായിരുന്നു.
മോഡലിങ് രംഗത്തു നിന്നാണ് ജാക്വിലിൻ സിനിമയിലേക്ക് എത്തുന്നത്. സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, യാമി ഗൗതം എന്നിവർക്കൊപ്പം ഭൂത് പൊലീസ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ജാക്വിലിൻ ഇപ്പോൾ.
രൺവീർ സിങ് നായകനാകുന്ന രോഹിത് ഷെട്ടി ചിത്രം സർക്കസിലും ജാക്വിലിൻ അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാനൊപ്പം കിക്ക് 2 ആണ് ജാക്വിലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
2009 ൽ അലാദ്ദീൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുകയാണ് ഈ ശ്രീലങ്കൻ സുന്ദരി.
വുമൺ സ്റ്റോറീസ് എന്നു പേരിട്ടിരിക്കുന്ന ആന്തോളജിയായിരിക്കും ജാക്വിലിന്റെ ആദ്യ ഹോളിവുഡ് ചിത്രം. ആറ് ചിത്രങ്ങളായിരിക്കും വുമൺ സ്റ്റോറീസിൽ ഉണ്ടായിരിക്കുക.