പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം; പ്രതികള്‍ക്കെതിരെ നടപടി ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി
കൊച്ചി: പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തിയ പ്രതികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
ചുള്ളിക്കണ്ടത്താണ് പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ പ്രതികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇത്തരമൊരു ക്രൂരത നടക്കുന്ന കാര്യം അറിഞ്ഞത്. പശുക്കള്‍ക്ക് നേരെ തുടര്‍ച്ചയായി ആസിഡ് ആക്രമണം നടത്തുന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാനസിക വൈകല്യമുള്ളവരാണ് ഇത്തരത്തിലുള്ള കൃത്യങ്ങള്‍ ചെയ്യുന്നത്. അവര്‍ക്കെതിരേ കൃത്യമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. പശുക്കളുടെ മേല്‍ ആസിഡ് ആക്രമണം നടക്കുന്ന സംഭവത്തില്‍ എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശങ്ങളില്‍ നിന്നുമുള്ള പരാതികള്‍ ശേഖരിച്ച് പോലീസിന്റെ സഹായത്തോടുകൂടി പ്രതികളെ കണ്ടെത്തിയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അതില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുമായി അടിയന്തരമായി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അംഗീകാരത്തിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അംഗീകാരം ലഭിച്ചാല്‍ അടിയന്തരമായി യോഗം കൂടി മൃഗങ്ങള്‍ക്ക് നേരെ ഇത്തരത്തിലുണ്ടാകുന്ന അതിക്രമങ്ങളില്‍ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
റബ്ബര്‍ പാല്‍ ഉറയിടുന്ന ഫോര്‍മിക്ക് ആസിഡുപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. തൊലിപൊളിഞ്ഞ് മാംസം പുറത്തേക്ക് തള്ളി വ്രണമായി മാറിയ അവസ്ഥയിലാണ് മിക്ക പശുക്കളും. ചികിത്സ നടത്തി ഭേദപ്പെടുത്തിയിടുത്ത പശുക്കള്‍ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം നടത്തുന്നുണ്ട്. 12 പശുക്കളാണ് ഒന്നര വര്‍ഷത്തിനിടെ കവളങ്ങാട് പഞ്ചായത്തിലെ ചുള്ളിക്കണ്ടത്ത് ആസിഡ് ആക്രമണത്തിനിരയായത്.