പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ ശക്തമായി വിമർശിച്ച് ജയറാം രമേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ്. ഗൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് പ്രധാനമന്ത്രി “ക്ലീൻ ചിറ്റ്” നൽകിയെന്നും, രാജ്യത്തിന്റെ സുരക്ഷാ വിഷയങ്ങളിൽ സർക്കാർ നിശ്ശബ്ദമാണെന്നും ജയറാം രമേശ് ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്താനെ ചൈന സഹായിച്ച കാര്യം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്. ജനറൽ രാഹുൽ സിംഗ് വെളിപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അത്തരം ‘അവിശുദ്ധ സഖ്യത്തെ’ നേരിടേണ്ട സമയത്ത് മോദി സർക്കാർ മൗനം പാലിച്ചതും, അത് സാധാരണ കാര്യമായി ഏറ്റെടുത്തതുമാണ് രാജ്യത്തിനുള്ള വലിയ നഷ്ടമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
2020 ജൂണിൽ ഗൽവാൻ താഴ്വരയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനുശേഷവും, ചൈനയുടെ ആക്രമണം അംഗീകരിക്കാതെ തന്നെ മോദി ചൈനയെ രക്ഷപ്പെടുത്തുന്ന നിലപാട് എടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യാർലുങ് സാങ്പോയിൽ ചൈന മുന്നോട്ടുവയ്ക്കുന്ന ജലവൈദ്യുത പദ്ധതി വടക്കുകിഴക്കൻ ഇന്ത്യയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കകൾക്കുറിച്ച് പോലും മോദി സർക്കാർ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
ഇതിനിടെ, ഇന്ത്യ–ചൈന ബന്ധം ശുഭകരമായ ദിശയിലാണ് മുന്നേറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സൗഹൃദം നിലനിർത്തുന്നതിന് പ്രാധാന്യം നൽകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കൂടി വ്യക്തമാക്കി. അമേരിക്കയുടെ തീരുവ ഭീഷണിക്കിടയിൽ, ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്ക് മുൻപായി ടിയാൻജിനിൽ വച്ചായിരുന്നു മോദിയുടെയും ഷി ജിൻപിങിന്റെയും നിർണായക കൂടിക്കാഴ്ച.
Tag: Jairam Ramesh strongly criticizes Prime Minister Narendra Modi’s visit to China