18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍; റജിസ്ട്രേഷന്‍ ഇന്നു മുതല്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ പ്രക്രിയകള്‍ക്ക് ഇന്നു തുടക്കം. പ്രതിരോധ വാക്സിനായുള്ള റജിസ്ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. മെയ് ഒന്നു മുതല്‍ വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടികളാണിത്.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. 50 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ പടര്‍ച്ചയുടെ തീവ്രത കൂടിയതോടെയാണ് വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 3,68,840 ഡോസ് വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്നലെ രാത്രിയോടെ 2,20,000 ഡോസ് വാക്സിനെത്തിയിട്ടുണ്ട്. കോവിഷീല്‍ഡ് വാക്സിനാണ് എത്തിയത്. നിലവില്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കി വരുന്നത്. 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നായിരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.