ജലീലും, നയതന്ത്ര ബാഗും കേരള രാഷ്ട്രീയത്തിൻ്റെ ഭാവിയും

വെള്ളിയാഴ്ച്ച രാവിലെ 6 മണി മുതൽ ഉള്ള മണിക്കൂറുകൾ. കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവ വികാസങ്ങൾക്കാണ് കേരള സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഒരു മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യുന്നു. പേരിൽ ചാർത്തപ്പെട്ട കുറ്റമാകട്ടെ സ്വർണ്ണക്കടത്തിലെ പങ്കാളിത്തം പോലെ അതീവ ഗുരുതരവും. 4 വർഷക്കാലം എതിരാളികളെപ്പോലും വിസ്മയിപ്പിച്ച് മുന്നേറിയ അതേ മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് പ്രതിഛായ തകർന്ന് ഇന്ന് മന്ത്രി സഭക്കു പോലും ഒരു ഭാരമായി മാറിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുമോ ഇല്ലയോ എന്നതൊക്കെ വരാനിരിക്കുന്ന കാര്യം. പക്ഷെ ഈ സംഭവം സംസ്ഥാന മന്ത്രി സഭക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്ന മുൻ നിലപാടിൽ മന്ത്രി ഉറച്ചുനിൽക്കു
കയാണെങ്കിലും കേവലം നിഷേധ പ്രസ്താവനകളിലൂടെ ഒഴിഞ്ഞുപോകുന്നതല്ല ജനമനസുകളിൽ ഇതുസംബന്ധിച്ചു കടന്നുകൂടിയിരിക്കുന്ന സംശയങ്ങൾ. സത്യമേ ജയിക്കൂ, സത്യം മാത്രം എന്ന് മന്ത്രി ആണയിട്ടതു കൊണ്ടായില്ല. സത്യമാണെന്ന ബോദ്ധ്യം അതു കേട്ടുനിൽക്കുന്നവർക്കും ഉണ്ടാകണം. അതിന് എന്തുചെയ്യാനാകുമെന്ന് തീരുമാനമെടുക്കേണ്ടത് മന്ത്രി തന്നെയാണ്.
എവിടെയാണ് പിണറായി വിജയൻ സർക്കാറിന് കാലിടറിത്തുടങ്ങിയത്. നിപ്പയും പ്രളയവും കൊറോണയുടെ ആദ്യ ഘട്ടവുമൊക്കെ അതി സാഹസികവും പ്രശംസനീയവുമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കെ കൊറോണയുടെ രണ്ടാം ഘട്ടത്തോടെയാണ് സംസ്ഥാന സർക്കാറിന് തിരിച്ചടികൾ നേരിട്ട് തുടങ്ങുന്നത്. രോഗവ്യാപനം തടയുന്നതിൽ പരാജയമെന്ന് തുടങ്ങി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ ഒരോ മേഖലയിലും സർക്കാറിന് പിടി അയഞ്ഞു തുടങ്ങി. ഇതിന് പിന്നാലെ സ്വപ്നയും ജലിലും ബിനിഷ് കൊടിയേരിയും ഇ പി ജയരാജൻ്റെ മകന്റെയുമൊക്കെയായി സർക്കാർ ചക്രവ്യൂഹത്തിലകപ്പെട്ടു. എൻ ഐ എ കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ പുറത്ത് കടക്കാൻ പറ്റാത്തവണ്ണം മന്ത്രിയും മന്ത്രിയോട് ചേർന്ന് സംസ്ഥാന സർക്കാറും പ്രതിസന്ധിയിലായിരിക്കുന്നു.
ഇതാദ്യമൊന്നുമല്ല മന്ത്രി ജലീൽ വിവാദങ്ങളിൽപ്പെടുന്നത്. സ്വജനപക്ഷപാതം മുതൽ നിയമവിരുദ്ധവും അധാർമ്മികവുമായ ചെയ്തികളുടെ പേരിൽ മുമ്പും ജലീൽ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെപ്പോലെ ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഈ സത്യം മന്ത്രിയോ അദ്ദേഹം അംഗമായ മുന്നണിയോ മനസിലാക്കുന്നില്ലെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം. ആര് പറഞ്ഞാലും മന്ത്രി രാജിവെക്കില്ലന്ന പാർട്ടി നേതൃത്വത്തിൻ്റെ പ്രതികരണം ഈ മൂല്യചുതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്തെങ്കിലുമൊരു ആരോപണം ഉയർന്നാൽ രാജി മുറവിളി ഉയരുന്നത് രാഷ്ട്രീയത്തിൽ പതിവാണ്. ആരും അത് ചെവിക്കൊള്ളാറുമില്ല. എന്നാൽ മന്ത്രി ജലീൽ സംശയജനകമായ തന്റെ ചില ചെയ്തികളുടെ പേരിൽ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ചെന്നു തല കുനിച്ചു നിൽക്കേണ്ടിവന്നിരിക്കുന്നു. പ്രതികൂല പരാമർശങ്ങളുടെ പേരിൽ പോലും നിരവധി മന്ത്രിമാർ രാജിവച്ച ചരിത്രമുള്ള നാടാണിത്. ഇതെ മന്ത്രി സഭയിലെ ഇ പി ജയരാജൻ അടക്കമുള്ളവർ ഇതിന് പ്രത്യക്ഷ ഉദാഹരണമായി കെ.ടി ജലീലിന് മുൻപിലുണ്ട്. മന്ത്രി ശശീന്ദ്രന്റെ രാജി വ്യത്യസ്ത കാരണത്താലായിരുന്നു. എന്നാലും പൊതുജനാഭിപ്രായത്തിനു ചെവികൊടുക്കാൻ അദ്ദേഹവും മടിച്ചില്ല എന്നത് മേൻമ തന്നെയാണ്.
മന്ത്രിയെന്ന പദവിയിലിരുന്നുകൊണ്ട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ചെയ്തതിന്റെ പേരിലാണ് കെ.ടി. ജലീൽ ആരോപണ വിധേയനായിരിക്കുന്നത്. യു.എ.ഇ കോൺസൽ ജനറൽ അറ്റാഷെ, സ്വർണക്കടത്തു കേസിലെ പ്രതികൾ എന്നിവരുമായുള്ള മന്ത്രിയുടെ ബന്ധമാണ് സംശയനിഴലിലായിരിക്കുന്നത്. വിദേശ സഹായം സ്വീകരിക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമാണെന്ന വസ്തുത ഏതൊരു മന്ത്രിയും അറിഞ്ഞിരിക്കേണ്ടതാണ്. എന്നിട്ടും അത്തരത്തിലുള്ള സഹായം സ്വീകരിച്ചതിനാണ് മന്ത്രി ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവന്നത്. നയതന്ത്ര ചാനൽ ഉപയോഗിച്ച് മതഗ്രന്ഥങ്ങൾ എത്തിച്ചതിലും അവയിൽ നിരവധി പാക്കറ്റുകൾ ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായതും ഉത്തരം ലഭിക്കേണ്ട കാര്യങ്ങളാണ്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ സത്യം മാത്രമെ ജയിക്കു എന്ന മുട്ടുന്യായങ്ങൾ പറഞ്ഞ് നിൽക്കുകയല്ല വേണ്ടത്. മറിച്ച് അത് തെളിയിക്കാനുള്ള നടപടികളാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യങ്ങൾക്ക് ഒപ്പം അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്.
യു.എ.ഇ കോൺസുലേറ്റ് ഓഫീസുമായുള്ള വഴിവിട്ട ബന്ധങ്ങൾക്ക് പ്രോട്ടോക്കോൾ ചട്ടം മന്ത്രിക്ക് ഒട്ടും തടസമായില്ലെന്നാണ് വിവരം. തങ്ങൾ ശേഖരിച്ച വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും മന്ത്രി ജലീലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. കാലാവധി അവസാനിക്കാറായ സർക്കാരിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതുപോലുള്ള സംഭവങ്ങൾ. വസ്തുതകളിലെ പൊരുത്തക്കേട് പരിപൂർണമായും ദൂരീകരിക്കാനുള്ള ഉത്തരവാദിത്വം മന്ത്രിക്ക് തന്നെയാണ്. അതില്ലാത്ത പക്ഷം സർക്കാറിൻ്റെ പ്രതിഛായ നിലനിർത്താൻ മുഖ്യമന്ത്രിയെങ്കിലും തീരുമാനമെടുക്കേണ്ടി വരും അത് ഉണ്ടാകാതിരുന്നാൽ അടുത്ത തെരഞ്ഞെടുപ്പ് ഫലത്തിൽ പോലും അത് പ്രതിഫലിച്ചേക്കാം.
സംസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച സ്വർണക്കടത്തുകേസിലെ പ്രതികളിൽ ചിലരുമായുള്ള മന്ത്രി ജലീലിന്റെ ബന്ധത്തെക്കുറിച്ചും നയതന്ത്ര കോൺസുലേറ്റിന്റെ പേരിൽ വന്ന പാഴ്‌സലിന്റെ ഉള്ളടക്കം സംബന്ധിച്ചു മന്ത്രിക്കെതിരെ ഇനിയും അന്വേഷണം നടക്കുമെന്ന് ഉറപ്പാണ്. മന്ത്രിസഭയുടെ സൽപ്പേരിനും വിശ്വാസ്യതയ്ക്കും അത് ഏല്പിക്കുന്ന പരിക്ക് നിസാരമായിരിക്കില്ല. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ഏതൊരു സർക്കാരിനും അഭിമാനകരമല്ല മന്ത്രി ജലീലിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ. ഇത് തിരിച്ചറിയാൻ മുഖ്യൻ പിണറായിയും, സിപി എമ്മും തയ്യാറായില്ലെങ്കിൽ തുടർഭരണം എന്ന സ്വപ്നം അസ്ഥാനത്താണ്.
. .